ന്യൂഡൽഹി :ഇന്ത്യയുടെ ആവനാഴിയിലേക്ക് പുതിയ ആയുധം എത്തുന്നു !..ശത്രുവിമാനങ്ങളെ നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് വച്ച് തകർക്കാൻ കഴിയുന്ന തകർപ്പൻ ആയുധം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ ആയുധശേഷിയിൽ ഇനി അഞ്ചാം തലമുറ പൈത്തൺ -5 എയർ-ടു-എയർ മിസൈലും. ഒപ്പം തേജസില്‍ ഉള്‍പ്പെടുത്തിയ ഡെര്‍ബി ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈലിന്റെ ശേഷി പരീക്ഷിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചതായി ഡി ആർ ഡി ഒ അറിയിച്ചു . കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന പരീക്ഷണത്തിൽ നിരവധി വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലാണ് മിസൈൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയത്.
ഡെർബി മിസൈൽ അതിന്റെ ഏറ്റവും ഉയർന്ന വേഗതയിൽ വ്യോമാക്രമണ പരീക്ഷണത്തിൽ പങ്കെടുത്ത് വിജയകരമായ രീതിയിൽ ആക്രമണം പൂർത്തിയാക്കി. പൈത്തൺ മിസൈലുകളും 100 ശതമാനം കൃത്യതയോടെ പരീക്ഷണത്തിൽ വിജയിച്ചു. അതുവഴി അവയുടെ പൂർണ്ണ ശേഷി കൈവരിക്കാനും സാധിച്ചു. – ഡി ആർ ഡി ഒയുടെ പ്രസ്താവനയിൽ പറയുന്നു.
തേജസിലെ വിമാന സംവിധാനങ്ങളായ ഏവിയോണിക്സ്, ഫയർ കൺട്രോൾ റഡാർ, മിസൈൽ വെപ്പൺ ഡെലിവറി സിസ്റ്റം, ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റം എന്നിവയുമായി മിസൈലിന്റെ സംയോജനം വിലയിരുത്തുന്നതിനായുള്ള പരീക്ഷണങ്ങളും നടന്നിരുന്നു . എഡിഎ, എച്ച്‌എൽ-ആർഡിസി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുടെ സംഘം വർഷങ്ങളോളം കഠിനാധ്വാനം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്. പരീക്ഷണത്തില്‍ പങ്കെടുത്ത ഡിആര്‍ഡിഒ, എഡിഎ, ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ അംഗങ്ങളെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.