സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിലെ പുരുഷാധിപത്യത്തിനു ഭീഷണി ഉയർത്തി വനിതാ കൂട്ടായ്മ. സിനിമാ മേഖലയിൽ നടക്കുന്ന ലൈംഗിക ചൂഷണത്തിനു പൂട്ടിടാൻ ജൂനിയർ ആർട്ടിസ്റ്റുമാരായ നടിമാരെയും സംഘടനയിൽ ഉൾപ്പെടുത്തുന്നതിനാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്. താരങ്ങളുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും കൂടുതൽ പീഡനങ്ങൾ ഏറ്റുവാങ്ങുന്നതും, ലൈംഗികമായി ദുരുപയോഗിക്കപ്പെടുന്നതും ഇത്തരത്തിലുള്ള ജൂനിയർ ആർട്ടിസ്റ്റുമാരാണെന്നാണ് നടിമാർ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിലെ ലൈംഗിക അതിക്രമം സംബന്ധിച്ചു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞ ദിവസം നടിമാരുടെ സംഘടന പരാതി നൽകിയിരുന്നു.
നടിമാരുടെ നേതൃത്ത്വത്തിൽ രൂപീകരിച്ച ‘വുമൺ ഇൻ കളക്റ്റീവ് സിനിമ’ സംഘടന മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം നൽകിയ പരാതിയിലാണ് സിനിമയിലെ ലൈംഗിക അതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്. എന്നാൽ, നടിമാരുടെ പരാതിയ്‌ക്കെതിരെ ഒരു വിഭാഗം സിനിമാ താരങ്ങളും സാങ്കേതിക വിദഗ്ധരും രംഗത്ത് എ്ത്തിയിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകൾ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും സെറ്റുകളിൽ ലൈംഗിക പീഡന പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ പൊതു സമൂഹത്തിന് മുന്നിൽ താറടിച്ച് കാണിക്കാൻ മാത്രമേ ഉപകരിക്കൂവെന്നാണ് പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
വനിതാ താരസംഘടന പ്രധാനമായും ചൂണ്ടിക്കാട്ടുന്ന നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ സെറ്റിൽ നടന്നതല്ലന്ന് വ്യക്തമായിരിക്കെ പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ വീട്ടിലിരിക്കുകയേയുള്ളൂവെന്നാണ് പ്രതികരണം.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിക്കുന്ന സമിതി ചില നടിമാർ താമസിക്കുന്ന ഫ്ളാറ്റുകളിൽ പരിശോധന നടത്തിയാൽ ‘കാര്യങ്ങൾ’ ബോധ്യമാകുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. താരങ്ങൾക്കിടയിൽ മാത്രമല്ല സംവിധായകർ, നിർമ്മാതാക്കൾ എന്നിവർക്കിടയിലും നടിമാരുടെ സംഘടനക്കെതിരെ ഇപ്പോൾ വികാരം ശക്തമാണ്.
ആരെയും നിർബന്ധിച്ച് അഭിനയിപ്പിക്കാൻ കൊണ്ടു വന്നിട്ടില്ലന്നും അവസരങ്ങൾ കുറയുന്നവർ ഇത്തരം ‘ചെപ്പടി വിദ്യകൾ’ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നുമാണ് പ്രമുഖ സംവിധായകർ പോലും അഭിപ്രായപ്പെടുന്നത്.
വിഷയം ചർച്ച ചെയ്യാൻ സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്.
ലോക്സഭാംഗമായ ഇന്നസെന്റ് പ്രസിഡന്റും ഭരണപക്ഷ എംഎൽഎ ആയ കെ.ബി.ഗണേഷ് കുമാർ വൈസ് പ്രസിഡന്റുമായ ‘അമ്മ’യിൽ കാര്യങ്ങൾ പറയാതെ ഒറ്റയടിക്ക് ഒരു സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയത് ‘ഹിഡൻ ‘ അജണ്ടയുടെ ഭാഗമാണെന്നാണ് ആരോപണം.
ഇവർ ഇടപെട്ടാൽ കിട്ടാത്ത എന്ത് നീതിയാണ് ഏതാനുംപേർ ചേർന്ന് ഒരു സംഘടനയുണ്ടാക്കി പോയാൽ മഞ്ജു വാര്യർക്കും സംഘത്തിനും കിട്ടുക എന്നതാണ് പ്രധാന ചോദ്യം.
അമ്മ ജനറൽ സെക്രട്ടറിയായ മമ്മുട്ടി കൊല്ലത്തും മറ്റൊരു വൈസ് പ്രസിഡന്റായ മോഹൻലാലും ട്രഷറർ ദിലീപും വിദേശത്തും ആയിരിക്കെ ആസൂത്രിതമായിരുന്നു നടിമാരുടെ സംഘടനാ രൂപീകരണം.
മഞ്ജുവിന്റെ സംഘടനയുമായി സഹകരിക്കുന്നവർക്ക് സിനിമയിൽ ഇനി അവസരം നൽകേണ്ടതില്ലന്ന തീരുമാനത്തിലാണ് വലിയ വിഭാഗം. അമ്മ എക്സിക്യൂട്ടീവ് മെമ്പറായ രമ്യാ നമ്പീശൻ പുതിയ സംഘടനയുടെ ഭാഗമായത് ഗൗരവമായാണ് താരങ്ങൾ കാണുന്നത്.
ദിലീപ് വിഭാഗത്തിനാണ് അമ്മയിൽ ഭൂരിപക്ഷമെന്നതിനാൽ ബദലാകാനാണ് പുതിയ സംഘടനയത്രെ. പ്രത്യക്ഷത്തിൽ ബദൽ അല്ലന്ന് വരുത്തി തീർക്കാനാണ് സിനിമ സാങ്കേതിക മേഖലയിലെ വനിതകളെ കൂടി ഉൾപ്പെടുത്തിയതെന്നും പറയപ്പെടുന്നു.
അമ്മയിലെ എല്ലാ അംഗങ്ങൾക്കും കർശന നിർദ്ദേശം നൽകി മഞ്ജുവിന്റെ നേതൃത്ത്വത്തിലുള്ള ‘വിമൻ ഇൻ കളക്റ്റീവ് സിനിമ’ സംഘടന പൊളിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.
പൃഥ്വിരാജ്, സംവിധായകൻ ആഷിഖ് അബു തുടങ്ങിയവർ പുതിയ സംഘടനക്ക് പരസ്യമായി പിന്തുണ നൽകിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും മാറി നിൽക്കുകയാണ്.
മറ്റു നടിമാരാവട്ടെ സിനിമാരംഗത്ത് നിന്നും ഔട്ടാകുമെന്ന പേടിയിൽ പുതിയ സംഘടനാ നേതാക്കളുടെ ഫോൺ പോലും അറ്റന്റ് ചെയ്യാതെ ‘മുങ്ങി നടക്കുകയാണ്’.
ഇതിനിടെ വുമൺ ഇൻ കളക്റ്റീവിനെതിരെ ആക്ഷേപവുമായി സിനിമാ നടനും നിർമ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തി. ‘അമ്മയിൽ നിന്ന് പിരിഞ്ഞുപോയി അമ്മായിഅമ്മ ആകാതിരുന്നാൽ മതി’യെന്നാണ് തമ്പി ആന്റണിയുടെ വിമർശനം.
മഞ്ജു വാര്യർ, അഞ്ജലി മോനോൻ, പാർവതി, റിമാ കല്ലിങ്കൽ, ബീനാ പോൾ, രമ്യാ നമ്പീശൻ, ഗായിക സയനോര, വിധു വിൻസെന്റ്, സജിതാ മഠത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ചലച്ചിത്ര സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ അടുത്തറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.