സ്വന്തം ലേഖകൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മലയാള നടെ കുടുക്കാൻ സിനിമയ്ക്കുള്ളിൽ നിന്നു നീക്കങ്ങൾ സജീവമായെന്നു സൂചന. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജനപ്രിയ നായകനെ കുരുക്കാൻ ചില താരങ്ങൾ ശ്രമിക്കുന്നതായ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതേ തുടർന്നു കടുത്ത ഭിന്നതയാണ് താര സംഘടനയായ ‘അമ്മ’യിൽ ഉടലെടുത്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ജനപ്രിയ നടന്റെ സുഹൃത്തായ സംവിധായകന് കത്തെഴുതിയതിനും ഇടനിലക്കാരെ ഉപയോഗിച്ച് സമീപിച്ചതിന് പിന്നിലും ചില ‘ഉന്നത’ കേന്ദ്രങ്ങളുടെ ഇടപെടലുണ്ടെന്ന നിഗമനത്തിലാണ് താരങ്ങളിലെ പ്രബല വിഭാഗം.
നടന്റെ ഡ്രൈവറെയും, സുഹൃത്തിനെയും,സംവിധായകനേയും ഫോണിൽ ബന്ധപ്പെട്ടവർ ,മലയാളത്തിലെ പ്രമുഖ സൂപ്പർ താരത്തിന്റെ അടുത്ത ആള് ചമഞ്ഞ് നിർമ്മാതാവായി വിലസുന്ന വ്യക്തിയും, യുവ താരവും, നടിയും നടനെതിരെ മൊഴി കൊടുക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പറഞ്ഞത് ഇതിനകം തന്നെ റെക്കോർഡ് ചെയ്തിട്ടുണ്ട്.
ഈ വിവരം ജനപ്രിയ താരത്തിന്റെ അടുത്ത സുഹൃത്തും അമ്മ ഭാരവാഹിയുമായ സൂപ്പർ താരമടക്കമുള്ളവരുടെ ശ്രദ്ധയിൽ നടൻ തന്നെ പെടുത്തിയിട്ടുണ്ട്.
ഈ ‘മൂവർസംഘം’ ഏതെങ്കിലും തരത്തിൽ ഇടനിലക്കാരെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നാണ് നടനോടൊപ്പം ഉറച്ച് നിൽക്കുന്ന താരങ്ങളുടെ നിലപാട്.
ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ് യുവതാരവും നടിയും. യുവ താരത്തിന്റെ സുഹൃത്തുകുടിയാണ് നിർമാതാവ്. ഇവർ മൂന്ന് പേരും ആരോപണ വിധേയനായ നടനുമായി നല്ല ബന്ധത്തിലുമല്ല.
ഇതു തന്നെയാണ് സംശയത്തിനിടനൽകാൻ കാരണമായിരിക്കുന്നത്. ഫോൺ ചെയ്തവരുടെ കോൾ വിശദാംശങ്ങളും ലൊക്കേഷനും പരിശോധിച്ചാൽ യാഥാർത്ഥ്യം പുറത്തുവരുമെന്നതിനാൽ പൊലീസിൽ പരാതി നൽകണമെന്ന് തന്നെയാണ് ഒരു വിഭാഗം താരങ്ങളുടെ അഭിപ്രായം.
പൾസർ സുനി ജയിലിൽ നിന്ന് നടന്റെ സുഹൃത്തിന് പണമാവശ്യപ്പെട്ടും തന്നില്ലങ്കിൽ എല്ലാം തുറന്ന് പറയുമെന്ന് വ്യക്തമാക്കിയും എഴുതിയ കത്ത് പോലും തിരക്കഥ പ്രകാരമുള്ളതാണെന്നാണ് നടനെ അനുകൂലിക്കുന്നവർ സംശയിക്കുന്നത്.
കുരുക്കാൻ നീക്കം നടക്കുന്നതായി ബോധ്യപ്പെട്ടതിനാൽ തന്നെയാണ് ഡ്രൈവറും സംവിധായകനും തന്ത്രപൂർവ്വം സംഭാഷണം റെക്കോർഡ് ചെയ്തതത്രെ. ഈ തെളിവ് പൊലീസിന് കൈമാറും.
പ്രതികൾ എന്ത് ആവശ്യപ്പെട്ടാലും ഈ അവസരത്തിൽ സംഭവത്തിൽ പങ്കുണ്ടെങ്കിലും ഇല്ലങ്കിലും ആരോപണ വിധേയൻ വിട്ടുവീഴ്ചക്ക് തയ്യാറാവുമെന്ന് കണ്ടാകണം ഇടനിലക്കാർ വഴി ഇത്തരമൊരു ‘ഓപ്പറേഷൻ’ പ്രതികൾ നടത്തിയിട്ടുണ്ടാകുക എന്ന സംശയത്തിലാണ് പൊലീസ്.
അങ്ങനെ താരം വഴങ്ങിയാൽ അത് തെളിവാക്കി ട്രാപ്പിലാക്കാനുള്ള ബുദ്ധി സിനിമാ കേന്ദ്രത്തിൽ നിന്ന് തന്നെ പ്രവർത്തിച്ചിട്ടുണ്ടോ എന്നതും തെളിയിക്കപ്പെടേണ്ട കാര്യമാണ്. കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
നടന് സംഭവത്തിൽ ഏതെങ്കിലും തരത്തിൽ പങ്കുണ്ടെങ്കിൽ അത് എന്തിന് വേണ്ടി? എവിടെ വച്ച്? ആര് മുഖാന്തരം ബന്ധപ്പെട്ടു ? തുടങ്ങിയ ചോദ്യങ്ങൾക്ക് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ ഉത്തരം് ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസും ചൂണ്ടിക്കാണിക്കുന്നത്.
നടനെതിരെ പ്രതികൾ കോടതിയിൽ മൊഴി നൽകിയാലും പ്രതികൾക്കെതിരെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചവർക്കെതിരെയും നടൻ തെളിവുകൾ കൈമാറിയാലും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്ത് കൊണ്ടുവരണമെന്ന് ആഗ്രഹിക്കന്ന താരങ്ങൾ, നെറികേട് ആര് കാണിച്ചാലും അവരെ സിനിമാ ലോകത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണിപ്പോൾ.
വനിതാ സിനിമാ താരങ്ങൾ സംഘടിച്ച് അമ്മക്ക് സമാന്തരമായി സംഘടനയുണ്ടാക്കിയപ്പോൾ അതിനെ പിന്തുണച്ചവരാണ് നടനെതിരെ പ്രവർത്തിച്ചു എന്ന് ആരോപിക്കപ്പെടുന്നവർ.
അമ്മയുടെ വിപുലമായ ജനറൽ ബോഡി വിളിച്ച് പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യം നടനെ അനുകൂലിക്കുന്ന താരങ്ങൾ ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്.