സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: മമ്മൂട്ടി നായകനായെത്തിയ കസബ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി പാർവതി. നിർഭാഗ്യവശാൽ ആ പടം കാണേണ്ടി വന്നു എന്ന് പറഞ്ഞ പാർവതി ആദ്യം പേര് വ്യക്തമാക്കിയില്ലെങ്കിലും പിന്നീട് ഗീതു മോഹൻദാസിന്റെ നിർബന്ധ പ്രകാരം കസബയാണെന്ന് വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറത്തിലാണ് പാർവതി മമ്മൂട്ടിച്ചിത്രത്തെ വിമർശിച്ചത്. തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടൻ സ്‌ക്രീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്ന് പാർവതി പറഞ്ഞു.
ഒരു നായകൻ പറയുമ്പോൾ അത് മഹത്വവൽക്കരണവും മറ്റു പുരുഷൻമാർക്ക് ഇതേകാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലുമാണ്. ഇത് ചെയ്യുകയെന്നത് സെക്സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതിനെക്കുറിച്ച് നമ്മൾ സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതേ പോലൊരു നായകത്വം നമുക്ക് വേണ്ടെന്ന് പാർവതി വ്യക്തമാക്കി.