ആമി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹര്‍ജി

കൊച്ചി: എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രവുമായി മഞ്ജുവാരിയര്‍ എത്തുന്ന കമൽ ചിത്രം ആമി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി.ചിത്രം സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റിനു സമർപ്പിച്ചിരിക്കുകയാണ്. അതിനിടയിലാണ് ഹര്‍ജിയും. സിനിമയുടെ പേരിൽ യഥാർഥ വസ്തുതകൾ മാറ്റിയെഴുതാൻ അവകാശമില്ലെന്നും കമല ദാസ് എന്ന മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇടപ്പള്ളിയിലെ കെ.പി. രാമചന്ദ്രൻ ഹർജി നൽകിയിരിക്കുന്നത്. ‍ എന്നാല്‍ ഇത് ആത്മകഥ അല്ല എന്നും കഥാപാത്രത്തിന്റെ ചില പ്രത്യേകതകള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നുവെന്നു മാത്രമാണ് ഉള്ളതെന്നും സംവിധായകന്‍ കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ചു മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏർപ്പെടുത്തണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Top