മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മലയാളത്തിലും തമിഴിലും പ്രമുഖനായ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവം ലക്ഷ്മി തുറന്നുപറഞ്ഞു. സംവിധായകന്റെ ആവശ്യങ്ങള്‍ നിരാകരിച്ചതിനെത്തുടര്‍ന്ന് സിനിമയുടെ സെറ്റില്‍ വച്ച് പരസ്യമായി അപമാനിച്ചുവെന്നും ലക്ഷ്മി പറഞ്ഞു.
തന്നെ ലക്ഷ്യം വച്ച് പരസ്യമായി ചീത്ത വിളിക്കുകയും മനഃപ്പൂര്‍വ്വം ചില സീനുകള്‍ 25ല്‍ അധികം തവണ വീണ്ടും ചെയ്യിപ്പിക്കുകയും ചെയ്തെന്നും നടി പറയുന്നു. മാപ്പ് പറയാന്‍ ലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും കൂടുതല്‍ മോശമായാണ് പെരുമാറിയത്. സിനിമ മേഖലയില്‍ ഉടനീളം ഇത്തരം ആളുകള്‍ ഉണ്ടെന്നും പക്ഷേ ആരും അതേക്കുറിച്ച് സംസാരിക്കാത്തതാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
താന്‍ സിനിമകള്‍ ചെയ്യുന്നത് കുറയ്ക്കാന്‍ കാരണം ഇത്തരം സമീപനങ്ങളാണെന്നും ലക്ഷ്മി പറഞ്ഞു. അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച ആള്‍ പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്‌ലാറ്റില്‍ വന്നിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ പതുക്കെ ‘അഡ്ജസ്റ്റുമെന്റുകള്‍’ നടത്തുന്നതിനെക്കുറിച്ചായി സംസാരം. ആദ്യം ഡേറ്റുകള്‍ ലഭിക്കുന്നതിനെക്കുറിച്ചാകും സംസാരം എന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് ഞെട്ടലോടെ മറ്റ് ചിലതിനെക്കുറിച്ചാണ് അയാള്‍ സംസാരിച്ചതെന്ന് മനസ്സിലായത്. കൂടുതലൊന്നും പറയാതെ അയാളെ പുറത്താക്കിയെന്ന് ലക്ഷ്മി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ബുദ്ധിമതികളായ സ്ത്രീകളോട് ഒന്നിച്ച് ജോലി ചെയ്യാന്‍ പല സംവിധായകര്‍ക്കും താല്‍പര്യമില്ലെന്നും അവര്‍ പ്രതിഫലം ചോദിച്ചു വാങ്ങിക്കുന്നത് ഇഷ്ടപ്പെടില്ലെന്നും അവര്‍ പറഞ്ഞു. ഇതെല്ലാം സിനിമാ മേഖലയില്‍ മാത്രമുളള പ്രശ്നങ്ങളല്ലെന്നും ലക്ഷ്മി പറഞ്ഞു.
തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോഴും സിനിമയില്‍ യഥാര്‍ഥത്തില്‍ മാറ്റം വരുന്നില്ലെന്നും ലക്ഷ്മി പറയുന്നു. നായക കേന്ദ്രീകൃത സിനിമ എന്ന പേരിലാണ് പലതും പ്രചരിപ്പിക്കുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉളള സിനിമകളുടെ എണ്ണം കൂടുന്നില്ലെന്നും അവര്‍ അവകാശപ്പെട്ടു. സ്ത്രീകളെ സിനിമ മേഖലയില്‍ ഇപ്പോഴും കീഴടക്കിവച്ചിരിക്കുകയാണെന്നും അവരെ ഇന്നും ബഹുമാനിക്കുന്നത് കുറവാണെന്നും അവരെ ചൂഷണം ചെയ്യുകയുമാണെന്ന് ലക്ഷ്മി ആരോപിച്ചു.
ചക്കരമുത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ലക്ഷ്മി, സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പേരില്‍ തമിഴ് ചാനലില്‍ ഒരു പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് തമിഴ് ചിത്രങ്ങളും ആറ് ഷോര്‍ട്ട് ഫിലിമുകളും ലക്ഷ്മി സംവിധാനം ചെയ്തിട്ടുണ്ട്.