മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ ലൂസിഫറിനെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന്റെ പേരും രാഷ്ട്രീയവുമെല്ലാം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ സമരഗാനമാണ്. ജി. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ വരിക വരിക സഹചരെ എന്ന ഗാനം വികലമാക്കി ചിത്രത്തില്‍ അവതരിപ്പിച്ചു എന്നാണ് ആരോപണം. സംഗീത സംവിധായകന്‍ ദീപക് ദേവിനെതിരെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.
മുരളി ഗോപി എന്ന മികച്ച ഗായകനിലൂടെ ദീപക് ദേവ് ഈ ഗാനത്തില്‍ കാട്ടിക്കൂട്ടിയ വൃത്തികേടും, ഓര്‍ക്കസ്‌ട്രേഷന്‍ എന്ന പേരില്‍ ചെയ്തിരിക്കുന്ന പേക്കൂത്തും അസഹ്യം മാത്രമല്ല, അശ്ലീലവുമാണെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൂടാതെ സിഐഎ എന്ന ചിത്രത്തില്‍ ഗോപി സുന്ദറും ഇതുതന്നെയാണ് ബലികുടീരങ്ങളേ എന്ന ഗാനത്തോടു ചെയ്തത് എന്നും പറയുന്നുണ്ട്. തങ്ങള്‍ ലൂസിഫര്‍ എന്ന ചിത്രത്തിന് എതിരല്ലെന്നും മഹാന്മാരുടെ സൃഷ്ടികളെ വികലമാക്കി ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാണാന്‍ ഭംഗിയും ഓമനത്തവുമുള്ള പിഞ്ചു കുഞ്ഞുങ്ങളെ തട്ടിയെടുത്ത ശേഷം കണ്ണു കുത്തി പൊട്ടിച്ചും അംഗ വിഹീനരാക്കിയും ഭിക്ഷാടനത്തിനുപയോഗിക്കുന്ന ഭിക്ഷാടന മാഫിയയെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ചോരണമാണ് അടുത്തകാലത്തായി മലയാള ചലച്ചിത്ര സംഗീത രംഗത്തെ ചില ‘സംഗീതജ്ഞര്‍’ ചെയ്യുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ‘ ലൂസിഫര്‍’ എന്ന സിനിമയില്‍ ‘കൈകാലുകള്‍ ഛേദിക്കപ്പെട്ട്, കണ്ണുപൊട്ടിച്ച്’ വികലമാക്കി ഉപയോഗിച്ച വരിക വരിക സഹജരേ എന്ന സമര ഗാനം. ഉറങ്ങിക്കിടന്ന ഒരു ജനതയെ സമരോല്‍സുകരാക്കിയ ആ ഗാനത്തിന് ജി.ദേവരാജന്‍ മാസ്റ്റര്‍ നല്‍കിയ ഈണം, ദേഹവും ദേഹിയും പോലെ പരസ്പരബന്ധിതമാണ്.
മാസ്റ്റര്‍ നേരിട്ടു പഠിപ്പിച്ച ഗായകര്‍ വേദിയില്‍ അവതരിപ്പിക്കുന്നതും ദൂരദര്‍ശനു വേണ്ടി റെക്കാഡ് ചെയ്തവതരിപ്പിക്കുന്നതും കേള്‍ക്കുകയും, കാണുകയും ചെയ്തിട്ടുള്ള ഒരു സംഗീത പ്രേമിക്ക്, ദീപക് ദേവ് എന്ന സംഗീത സംവിധായകന്‍ വികലമാക്കിയ ഈ ഗാനം കേള്‍ക്കുമ്ബോള്‍ ദു:ഖവും, രോഷവും ഉണ്ടാവുക സ്വാഭാവികം. മഹാകവി കാളിദാസന്‍ മുതല്‍ വലുതായി അറിയപ്പെടാത്ത എഴുത്തുകാര്‍ വരെയുള്ളവരുടെ കൃതികളെ മാസ്റ്റര്‍ സമീപിച്ചത് ഒരേ വികാരത്തോടെയായിരുന്നു. എഴുത്തുകാരന്‍ ഉദ്ദേശിച്ച ഭാവം കേള്‍വിക്കാരനിലേക്ക് ആഴ്ന്നിറങ്ങാന്‍ പോന്ന സംഗീതം മാത്രമേ മാസ്റ്റര്‍ സൃഷ്ടിച്ചിട്ടുള്ളൂ. അതുകൊണ്ടാണ് മലയാള ചലച്ചിത്ര സംഗീതത്തിലെ ഒരേ ഒരു മാസ്റ്ററായി ദേവരാജന്‍ മാറിയത്. കീബോര്‍ഡുപയോഗിച്ചുള്ള ഒരു ബെല്‍ ശബ്ദം പോലും എവിടെ എങ്ങിനെ ഉപയോഗിക്കണമെന്ന് മാസ്റ്റര്‍ക്ക് കാഴ്ചപ്പാടുണ്ടായിരുന്നു.
സ്വന്തം ഗാനങ്ങളില്‍ തബല ഉള്‍പ്പെടെയുള്ള താളവാദ്യങ്ങളുടെ താളക്രമം നിശ്ചയിച്ചിരുന്നതും മാസ്റ്റര്‍ തന്നെയായിരുന്നു. അന്യഭാഷകളില്‍ നിന്നും മോഷ്ടിച്ച ഈണവും, കമ്ബ്യൂട്ടര്‍ പ്രോഗ്രാമിംഗ് അറിയാവുന്ന ഒരാളും, പിന്നെ അത്യാവശ്യം ചര്‍മ്മശേഷിയും കൂടിയായാല്‍ സംഗീത സംവിധായകനും, റിയാലിറ്റി ജഡ്ജിയും സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഇതൊന്നും തെറ്റല്ലായിരിക്കാം. പാടിക്കഴിഞ്ഞ ശേഷം ഒരക്ഷരമോ ഒരു ദീര്‍ഘമോ തെറ്റിയാല്‍ അവ മാത്രം ശരിയാക്കാനും, ഏതു കഴുത രാഗക്കാരന്റെയും ശ്രുതി, ശുദ്ധമാക്കാനും പോന്ന സാങ്കേതിക വിദ്യകള്‍ നമുക്ക് സ്വന്തമാണ്. അതിന്റെ പിന്‍ബലത്തില്‍ പലരും മഹാ സംഗീതജ്ഞരായി വിലസുന്നുമുണ്ട്.
ആയിക്കോളൂ. തര്‍ക്കമില്ല! ഇവയൊന്നുമില്ലാത്ത കാലത്ത് പാട്ടുകാരും ഉപകരണ സംഗീതക്കാരും സംഗീത സംവിധാകനില്‍ നിന്ന് നേരിട്ടു പഠിച്ച് പാടി റെക്കോഡ് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ആ സുവര്‍ണ്ണകാലത്തിലെ മനോഹര സൃഷ്ടികളിലൊന്നാണ് ‘വരിക വരിക സഹജരേ’. മുരളി ഗോപി എന്ന മികച്ച ഗായകനിലൂടെ ദീപക് ദേവ് ഈ ഗാനത്തില്‍ കാട്ടിക്കൂട്ടിയ വൃത്തികേടും, ഓര്‍ക്കസ്‌ട്രേഷന്‍ എന്ന പേരില്‍ ചെയ്തിരിക്കുന്ന പേക്കൂത്തും അസഹ്യം മാത്രമല്ല, അശ്ലീലവുമാണ്. മാസ്റ്ററുടെ ഗാനങ്ങള്‍ കാസറ്റിലൂടെ പുനര്‍ സൃഷ്ടിച്ച് ഞെളിഞ്ഞു നടന്ന ഗായകന് മാസ്റ്റര്‍ Legal Notice അയച്ചതും, ഗായകന്‍ വന്ന് സാഷ്ടാംഗം വീണതും എനിക്ക് നേരിട്ടറിയാം. മോഷ്ടിച്ച ഈണത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കൊടുത്ത് മോഷണത്തെ നിയമ വിധേയമാക്കിയപ്പോള്‍ അടങ്ങിയിരുന്നില്ല മാസ്റ്റര്‍.അന്നുവരെ ലഭിച്ച സംസ്ഥാന ബഹുമതികള്‍ മുഴുവന്‍ തിരികെ നല്‍കി പ്രതിഷേധിച്ചയാളാണ് മാസ്റ്റര്‍.
ലൂസിഫറില്‍ ദീപക് ദേവ് ചെയ്ത വൃത്തികേട് (മിതമായ ഭാഷ) CIA എന്ന സിനിമയില്‍ ഗോപി സുന്ദറും ചെയ്തിട്ടുണ്ട്. ബലികുടീരങ്ങളേ എന്ന വിഖ്യാത ഗാനത്തോടായിരുന്നു ആ അതിക്രമം. നിര്‍മ്മാതാവിനോട് അവകാശം വാങ്ങിയിട്ടുണ്ട് എന്ന സാങ്കേതികത്വം പറഞ്ഞ് നിങ്ങള്‍ രക്ഷപ്പെടുമായിരിക്കാം. മാസ്റ്ററുടെ കുടുംബവുമായി ബന്ധമുള്ള ആളെന്ന നിലയില്‍ പറയാം, അവരാരും നിങ്ങളോട് ചോദിക്കാന്‍ വരില്ല. മേല്‍ സൂചിപ്പിച്ച ഗാനങ്ങളുടെ സംഗീത സംവിധാനം ദീപക് ദേവും, ഗോപി സുന്ദറുമാണെന്ന് പുതുചരിത്രവും കുറിക്കപ്പെട്ടേക്കാം. കാലം അത്രക്ക് കെട്ടതാണ്. മാസ്റ്റര്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പാട്ടില്‍ കൈവയ്ക്കാന്‍ ആരെങ്കിലും മുതിര്‍ന്നിരുന്നുവെങ്കില്‍ അവര്‍ക്കെല്ലാം മാസ്റ്റര്‍ ‘നല്ല നമസ്‌കാരം’ പറയുമായിരുന്നു.ഞാന്‍ നീതിപുലര്‍ത്തി നീതിപുലര്‍ത്തി എന്നു അദ്ദേഹം പ്രതികരിക്കുമായിരിക്കും..
തിന്നുകയുമില്ല തീറ്റിക്കയുമില്ലെന്ന സ്ഥിരം വാദം ഇവിടെ പ്രസക്തമല്ല…ഈ പുല്ലിന്റെ മധുരം കോടി മലയാളികള്‍ അറിഞ്ഞതാണ്…അതേ പുല്ലിനെ പഴം പുല്ലാക്കി മറ്റൊരു ചട്ടിയില്‍ കൊടുത്താല്‍ തൊടാതെ വിഴുങ്ങുന്നവര്‍ അല്ല യഥാര്‍ത്ഥ മലയാളി ആസ്വാദകര്‍…
10 പേരല്ല …ഇത്തരം ഗാന ചോരണ ആഭാസങ്ങള്‍ക്കെതിരെ ലക്ഷങ്ങള്‍ പ്രതികരിക്കും…
അതിനു പോന്ന സംഘടനകളും…മാസ്റ്ററുടെ പാട്ടുകളെ സ്‌നേഹിക്കുന്നവരും…കേരളം ഉള്ളിടത്തോളം കാണും….
അതു വരും ദിവസങ്ങളില്‍ ബോധ്യമാകും…
N.B:Cu പ്രതികരണം ഒരിക്കലും ‘ലൂസിഫര്‍’ എന്ന സിനിമയ്ക്ക് എതിരല്ല ..
അതു നിരവധിപേരുടെ വിയര്‍പ്പെന്ന് കൃത്യമായ ബോധ്യമുണ്ട്…മഹാന്മാരുടെ സൃഷ്ടികളെ വികലമാക്കി ഉപയോഗിക്കുന്ന ബുദ്ധികള്‍ക്കെതിരെ യുള്ള പ്രതികരണം മാത്രം….
വരിക വരിക സഹജരെ
സഹന സമര സമയമായ്..