പൂണെ: ഫേസ്‌ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി നിർമ്മാതാവ് അതുൽ ബി.തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. താപ്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടൽ മുറിയുടെ പൂട്ട് തല്ലിത്തകർത്താണ് മൃതദേഹം പുറത്തെടുത്തത്.
അടുത്തിടെ നിര്‍മിച്ച ദോല്‍ ടാഷെ എന്ന ചിത്രം ബോക്സോഫീസ് പരാജയമായിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ വീട്ടില്‍ നിന്നുള്ള പിന്തുണയും നഷ്ടപ്പെട്ടു. അച്ഛനും സഹോദരിയും കൂടെ നിന്നെങ്കിലും ഭാര്യയുടെ നിരന്തര പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ആറു മാസമായി താന്‍ ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്. മക്കളുമായി അടുക്കാന്‍ ഭാര്യ സമ്മതിക്കില്ലായിരുന്നുവെന്നും താപ്കീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. തന്റെ മരണം മക്കളെ ഒരുപാട് വേദനിപ്പിക്കുമെന്നും താപ്കീര്‍ പറഞ്ഞു.
കുറച്ചുദിവസങ്ങൾക്കു മുമ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി അതുലിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു സ്ത്രീ പരാതി നൽകുമ്പോൾ പുരുഷന്റെ ഭാഗംകൂടി കേൾക്കാൻ പൊലീസിന് നിർദ്ദേശം നൽകണമെന്ന അഭ്യർത്ഥനയും അതുൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് കത്തിലൂടെ നടത്തുന്നുണ്ട്.
ഭാര്യ തന്റെ മക്കളെ നന്നായി വളർത്തുമെന്ന് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കിൽ മക്കളെ തന്റെ പിതാവിന് കൈമാറണമെന്നും അതുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഭാര്യയുടെ സഹോദരന്മാരെന്ന് പറയുന്ന ചിലർ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ തെളിവുകൾ ഒരു പെൻഡ്രൈവിൽ സേവ് ചെയ്തിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു