കൊച്ചി: മലയാള സിനമാ മേഖലിയിലെ തര്‍ക്കത്തിന് പരിഹാരമില്ലാതായതോടെ സമരം ശക്തമാകുന്നു. ക്രിസ്തുമസിന് ചിത്രങ്ങള്‍ ഒന്നും റിലീസിന് നല്‍കില്ലെന്ന് വിതരക്കാരുടെ സംഘടന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരമാകാതെ പിരിയുകയായിരുന്നു.
തിയറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ തിയറ്ററുടമകള്‍ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് വിതരണക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ കാരണം.
തിയറ്ററില്‍ നിന്നുളള വരുമാനം 50-50 അനുപാതത്തിലാക്കണമെന്ന തിയറ്റര്‍ ഉടമകളുടെ ആവശ്യം നിര്‍മ്മാതാക്കള്‍ അംഗീകരിക്കാതെ വന്നതോടെ ഡിസംബര്‍ 16 മുതല്‍ മലയാളം സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. തിയറ്റര്‍ ഉടമകളും വിതരണക്കാരും ഉടമകളും അവവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
കൂടാതെ തര്‍ക്കം പരിഹരിക്കാന്‍ പുതിയ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാമെന്ന മന്ത്രിയുടെ വാഗ്ദാനം തിയറ്റര്‍ ഉടമകള്‍ തള്ളി. മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ള അടൂര്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പാക്കിയതിനു ശേഷം മതി പുതിയ കമ്മീഷനെന്നാണ് തിയറ്റര്‍ ഉടമകളുടെ പക്ഷം. ഇതോടെയാണ് നിലപാട് കടുപ്പിക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളായ പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും പിന്‍വലിക്കും. കൂടാതെ ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്ന ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘ഫുക്രി’, ‘ഇസ്ര’ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി നല്‍കില്ലെന്നും വിതരണക്കാര്‍ പറഞ്ഞു. കൊച്ചിയിലെ സിനി പോളിസിന് ഇനി സിനിമകള്‍ നല്‍കേണ്ടതില്ലെന്നും സംഘടന തീരുമാനിച്ചു. പുലിമുരുകന്‍ ചോര്‍ന്നത് ഇവിടെ നിന്നാണെന്നാണ് വിതരണക്കാരുടെ സംഘടന ആരോപിക്കുന്നത്.