പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് വന്‍ തീപിടിത്തം. വടക്കേ നടയ്ക്ക് സമീപത്തെ ഗോഡൗണ്‍, പോസ്റ്റ്ഓഫീസ് എന്നിവ പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെ 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
നാല് യൂണിറ്റുകളില്‍ നിന്നുള്ള അഗ്‌നിശമന വാഹനങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കായിതാണ് തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായത്. ക്ഷേത്രം കമാന്‍ഡോകളുടെ സി.സി.ടി.വി യിലാണ് തീ പടരുന്നത് ആദ്യം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സംഭവം അഗ്‌നിശമന സേനാ വിഭാഗത്തെ അറിയിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ആദര്‍ശ് എന്ന കമാന്‍ഡോയുടെ കാലിന് പരിക്കേറ്റിട്ടുമുണ്ട്.
തീപിടുത്തമുണ്ടായ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ഫയര്‍ ഓഡിറ്റ് നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
തപാല്‍ ഉരുപ്പടികള്‍ മുഴുവനായും ചാക്കില്‍ കെട്ടി സൂക്ഷിക്കുന്ന സ്ഥലമാണ് തീ പിടിത്തത്തില്‍ ചാമ്പലായ ഗോഡൗണ്‍. അതുകൊണ്ട് തന്നെ വലിയ നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് അഗ്‌നിശമന സേനാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. തൊട്ടടുത്ത പോസ്റ്റ്ഓഫീസും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സമീപത്ത് കൂട്ടിയിട്ട ചവറിന് തീപിടിച്ചതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ കൂമ്പാരമായിട്ടാണ് കെട്ടിടത്തിന് സമീപം തീപിടിത്തത്തിന് കാരണമായ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ജനങ്ങള്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുത്തിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പത്മനാഭ ക്ഷേത്രത്തിന് അമ്പത് മീറ്റര്‍ ദൂരത്ത് മാത്രമാണ് പഴയ കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഗോഡൗണും പോസ്റ്റ്ഓഫീസും സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ അഗ്‌നിശമന സേനാ അധികൃതര്‍ എത്തിയ ഉടനെ ഇതിനടുത്തുള്ള കെട്ടിടം പൊളിച്ച് നീക്കിയതാണ് തീ പടര്‍ന്ന് പിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിഞ്ഞു.