പരവൂര്‍: വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ സൂക്ഷിക്കുന്ന കൊട്ടാരം തിരുവിതാംകൂര്‍ ദേവസ്വം കമീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദിന്‍െറ നേതൃത്വത്തില്‍ തുറന്ന് പരിശോധന നടത്തി. ക്ഷേത്രം വക തിരുവാഭരണങ്ങളുടെയും മറ്റ് സ്വര്‍ണ ഉരുപ്പടികളുടെയും കൃത്യമായ അളവും തൂക്കവും വിലയും തിട്ടപ്പെടുത്തുന്നതിന് ഹൈകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
ദേവസ്വം താക്കോല്‍ക്കാരായ ജെ. പ്രസാദ്, സുരേന്ദ്രനാഥന്‍ പിള്ള എന്നിവരെ പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അവരുടെ സാന്നിധ്യത്തിലാണ് 11.30ന് കൊട്ടാരം തുറന്നത്. ക്ഷേത്ര തന്ത്രി നീലമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും സന്നിഹിതനായിരുന്നു. ഇരുമ്പ് ലോക്കര്‍ തുറക്കാനാവാത്തതിനാല്‍ പരിശോധന പൂര്‍ത്തീകരിക്കാനായില്ല. കൈവശമുണ്ടായിരുന്ന താക്കോലുകള്‍ ഉപയോഗിച്ച് ലോക്കറിന് പുറത്തുണ്ടായിരുന്ന തടികൊണ്ട് നിര്‍മിതമായ പെട്ടി മാത്രമേ തുറക്കാനായുള്ളു.
എഴുന്നള്ളത്തിനുപയോഗിക്കുന്ന ജീവത, നെറ്റിപ്പട്ടം, കൊടിക്കൂറ, കുമിളകള്‍ എന്നിവയാണ് തടികൊണ്ട് നിര്‍മിതമായ പെട്ടിയിലുണ്ടായിരുന്നത്. വെടിക്കെട്ടപകടം നടന്നതിനാല്‍ ഇത്തവണ ദേവിക്ക് ചാര്‍ത്തിയ തിരുവാഭരണങ്ങള്‍ കൊട്ടാരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അവ ഇപ്പോഴും ശ്രീകോവിലിനുള്ളില്‍ തന്നെ ഇരിക്കുകയാണ്. അതുകൊണ്ട് അവയും അന്വേഷണസംഘത്തിന് കാണാനായില്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.