കൊച്ചി :കൊല്ലം പരവൂരിലെ പുററിംഗലലെ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 109 ആയി .അതിനിടെ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ വെടിക്കെട്ട് നിരോധനത്തില്‍ ഹൈക്കോടതി ഇടപെടുന്നു. നിരോധനം ആവശ്യപെട്ട് ജസ്റ്റിസ് ചിദംബരേഷ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചിരുന്നു. ഇത് പൊതു താത്പര്യ ഹര്‍ജിയായി പരിഗണിക്കും. കേസ് ചൊവ്വാഴ്ച പരിഗണിക്കുിം. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ പരവീര്‍ വെടിക്കെട്ട് ദുരന്തത്തെതുടര്‍ന്ന് വെടിക്കെട്ട് നിരോധിക്കമമെന്ന ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ഉഗ്ര സ്ഫോടകശേഷിയുള്ള അമിട്ട്, ഗുണ്ട്, കതിന തുടങ്ങിയവ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് വി.ചിദംബരേഷ് നല്‍കിയ കത്ത് കോടതി പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിച്ചു.
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ച് ഇന്നു പ്രത്യേക സിറ്റിങ്ങിലൂടെ കേസ് പരിഗണിക്കും. സ്ഫോടകശേഷി കുറഞ്ഞതും ദൃശ്യഭംഗിയേറിയതുമായ ‘ചൈനീസ്’ പടക്കങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നാവശ്യപ്പെട്ടാണു ജസ്റ്റിസ് ചിദംബരേഷിന്റെ കത്ത്. പരവൂരില്‍ വെടിക്കെട്ടപകടത്തില്‍ നൂറിലേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മാരക പ്രഹര ശേഷിയുള്ള പടക്കങ്ങള്‍ നിരോധിക്കാന്‍ ജുഡീഷ്യറി ഇടപെടേണ്ട സമയം അതിക്രമിച്ചതായി ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കത്തില്‍ നിന്ന്: ‘‘വെടിക്കെട്ടിന് ആയിരക്കണക്കിന് ആളുകളാണു തടിച്ചുകൂടുന്നത്. ജനത്തെ സുരക്ഷിത അകലത്തേക്കു മാറ്റി നിര്‍ത്താന്‍ പൊലീസിനു പോലും കഴിയാറില്ല. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളിലും നടക്കുന്ന ഇത്തരം പരിധി വിട്ട ആഘോഷങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനാവില്ല. ഉല്‍സവ, ആഘാഷങ്ങള്‍ക്കിടെ അപകടമുണ്ടായി സംസ്ഥാനത്ത് ഇതിനകം 500 ജീവനെങ്കിലും പൊലിഞ്ഞിട്ടുണ്ടാകും. നിലവിലുള്ള സ്ഫോടകവസ്തു നിയമവും ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും സംഘാടകര്‍ പാലിക്കാറില്ല. ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. എന്നാല്‍ പണം ഉള്‍പ്പെടെ മറ്റെന്തും മനുഷ്യ ജീവനു പകരമാവില്ല. മതാചാരത്തിന്റെ ഭാഗമായി മൃഗങ്ങളെ ഉപയോഗിച്ചു ‘ജെല്ലിക്കെട്ടു’ നടത്തുന്നതു സുപ്രീംകോടതി നിരോധിച്ചെങ്കില്‍, മനുഷ്യജീവന്‍ എടുക്കുന്ന വെടിക്കെട്ട് എന്തിന് അനുവദിക്കണം?
ശബ്ദ, വായൂ മലിനീകരണവുമുണ്ടാക്കുന്ന വെടിക്കെട്ട് പരിസരവാസികള്‍ക്കു കൊടിയ ദുരിതവും കഷ്ടപ്പാടുമാണു സമ്മാനിക്കുന്നത്. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ അപകടകരമായ പടക്കങ്ങള്‍ ഉപയോഗിക്കുന്നതു ശരിയല്ല. പടക്കത്തില്‍ ചേരുന്ന ബേരിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, അലുമിനിയം പൊടി എന്നിവയ്ക്കൊപ്പം ശക്തി കൂട്ടാന്‍ നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറൈഡും ഉപയോഗിക്കാറുണ്ട്.’’ ഉല്‍സവങ്ങളുടെ നാടായ കേരളത്തില്‍ ആചാരങ്ങളില്‍ കാലോചിതമാറ്റം വേണമെന്നും അപകടകരമായ കരിമരുന്നു പ്രയോഗം നിരോധിക്കണമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ നടക്കുന്നതു പാലക്കാട് ജില്ലയിലാണെന്നും ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളുമായിറങ്ങിയ പത്രവാര്‍ത്തകളും ശ്രദ്ധയില്‍പെടുത്തിക്കൊണ്ടാണു കത്ത്. പൊതുതാല്‍പര്യ ഹര്‍ജികളുടെ താല്‍ക്കാലിക ചുമതലയുള്ള ജസ്റ്റിസ് ആന്റണി ഡൊമിനിക് കത്ത് പരിശോധിച്ച ശേഷം സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു.നിരന്തരം മനുഷ്യക്കുരുതിക്ക് ഇടയാക്കുന്ന വെടിക്കെട്ട് നിരോധിക്കുന്ന കാര്യം സമുദായ സംഘടനകളും ആത്മീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും ആലോചിക്കണമെന്ന് എകെ ആന്റണി കഴിഞ്ഞ ദിവസം ആവശ്യപെട്ടിരുന്നു. എന്നാല്‍ വെടികെട്ട് നിരോധിക്കാന്‍ കഴിയില്ലെന്നും നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ പലരും വൈകാരികമായാണ് വെടികെട്ടിനെ കാണുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വെടികെട്ട് നിരോധിക്കണമെന്ന് ആവശ്യപെട്ട് കോടതിയെ സമീപിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.