രാജസ്ഥാനിലെ ഫുലേര അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപം പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. യൂട്യൂബറുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും.
ട്രാക്കിന്റെ മധ്യത്തില്‍ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്റെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷനിലേക്ക് കോളുകള്‍ വന്നു. ഇതോടെ ആ വിഡിയോയിലുള്ള യുവാവ് ആരാണെന്ന് തിരയുകയാണ് പൊലീസ്.
റെയില്‍വേ ആക്റ്റിലെ സെക്ഷന്‍ 145, 147 പ്രകാരം റെയില്‍വേ ട്രാക്കുകളിലും പ്ലാറ്റ്ഫോമുകളിലും വിഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.