യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് അടുത്തമാസം ഇരുപതിന് തറക്കല്ലിടും. ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍. ഏപ്രില്‍ 18 മുതല്‍ 29 വരെ സ്വാമി മഹാരാജ് യു.എ.ഇ സന്ദര്‍ശനം നടത്തും. ആദ്യമായാണ് സ്വാമി മഹന്ത് രാജ് യു.എ.ഇയില്‍ എത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിര്‍മാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പല്‍വഴിയും വിമാനമാര്‍ഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും.
2020 ഏപ്രിലില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കമെന്ന് ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം.
ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ പ്രതിഷ്ഠകളുണ്ടാകും. 55,000 ചതുരശ്രയടി ചുറ്റളവിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.ഏപ്രില്‍ 20 ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യണമെന്നും ഇതിനായുള്ള വെബ് സൈറ്റ് അടുത്തയാഴ്ച ആരംഭിക്കുമെന്നും ബിഎപിഎസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിദേശത്തുനിന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിമാന ടിക്കറ്റിലും ഹോട്ടല്‍ താസമത്തിനും പ്രത്യേക ഡിസ്‌കൗണ്ട് ലഭ്യമാക്കും.