ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്ബടി വാഹനം ഇടിച്ച് അഞ്ച് വയസ്സുകാരന് മരിച്ചു. കഴിഞ്ഞ ദിവസം ഗോണ്ടാ ജില്ലയിലായിരുന്നു സംഭവം നടന്നത്. വൈകുന്നേരം ഫൂട്ട്പാത്തില്‍ കളിക്കുകയായിരുന്ന കുട്ടിയെ ആദ്യം കടന്നുവന്ന വാഹനം ഇടിച്ചിടുകയായിരുന്നു. തൊട്ടുപുറകെ വന്ന അകമ്ബടി വാഹനം കുട്ടിയുടെ മുകളിലൂടെ കയറി ഇറങ്ങുകയും സംഭവസ്ഥലത്തുതന്നെ മരിക്കുകയും ചെയ്തു. ഹൃദേഷ് ഗോസ്വാമി എന്ന കുട്ടിയാണ് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. വാഹനം അമിതവേഗത്തില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടിയെ ഇടിച്ചിട്ടും വാഹനം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വിശ്വനാഥ് പറഞ്ഞു. എന്നാല്‍ സംഭവത്തെ പറ്റി തനിയ്ക്കറിയില്ലെന്ന് രാജ്ഭര്‍ പ്രതികരിച്ചു. അപകടം നടന്ന സമയത്ത് തന്റെ വാഹനം അവിടെനിന്നും 25 കിലോമീറ്റര്‍ അകലെയാണ് ഉണ്ടായിരുന്നത് . സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആറംഗസമിതിയെ നിയമിച്ചതായും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളിയെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നല്‍കാനും അതോടൊപ്പം സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം
Tags: five year old boy died