കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരുക്ക്, വെടിക്കെട്ടുപുര പൂര്‍ണമായി കത്തിനശിച്ചു, അപകട കാരണം വ്യക്തമല്ല

എരുമപ്പെട്ടി: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു വന്‍ സ്ഫോടനം. കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വെടിക്കെട്ട് പുരയ്ക്കാണു തീപിടിച്ചത്.

സ്ഫോടനത്തില്‍ വെടിക്കെട്ട് തൊഴിലാളിയായ കാവശേരി സ്വദേശി മണികണ്ഠ(55)നു ഗുരുതരമായി പരുക്കേറ്റു.
ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. വെടിക്കെട്ടുപുര പൂര്‍ണമായി കത്തിനശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലുപേരാണ് ഇവിടെ വെടിക്കെട്ട് പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. മൂന്നുപേര്‍ പുറത്തുപോയ സമയത്ത് അപകടം നടന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു നാടിനെ നടുക്കിയ സ്ഫോടനം.

സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ ഭയചകിതരായി ജനങ്ങള്‍ വീടുകളില്‍നിന്നും കടകളില്‍നിന്നും ഇറങ്ങി ഓടി. കിലോമീറ്റര്‍ അപ്പുറത്തേക്ക് സ്ഫോടനത്തിന്റെ പ്രകമ്പനം എത്തി. ഓട്ടുപാറയിലും അത്താണി മേഖലയിലും കുലുക്കം അനുഭവപ്പെട്ടു.

മുന്‍കാലങ്ങളില്‍ സ്ഥിരമായി ഭൂചലനം അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഒന്നാണു കുണ്ടന്നൂര്‍. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ദേശമംഗലം ഈ പ്രദേശത്തിനു സമീപത്താണ്. സ്ഫോടനം നടന്ന ഉടനെ ജനങ്ങള്‍ ഭൂചലനം ആണെന്നാണ് തെറ്റിദ്ധരിച്ചത്. മേഖലയില്‍ സെക്കന്‍ഡുകള്‍ നീണ്ടുനിന്ന കുലുക്കമാണ് അനുഭവപ്പെട്ടത്.

വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്ത് തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് അപകടം. വിശദവിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു.

ശ്രീനിവാസന്‍ എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം.
കുന്നംകുളം എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍നിന്നും വടക്കാഞ്ചേരിയില്‍നിന്നും സ്ഥലത്തെത്തിയ പോലീസ് സംഘവും വടക്കാഞ്ചേരിയിനിന്ന് എത്തിയ അഗ്നി രക്ഷാസേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Top