തകര്‍ന്നു വീണ വിമാനത്തില്‍ നിന്ന് രക്ഷിച്ച കുഞ്ഞ് എന്ന തലക്കെട്ടോടെയുള്ള കുഞ്ഞിന്റെ ഫോട്ടോയും വിവരണങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഇന്തൊനേഷ്യയില്‍ കടലില്‍ തകര്‍ന്നുവീണ വിമാനത്തില്‍നിന്ന് രക്ഷിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന പിഞ്ചുകിഞ്ഞിന്റെ ഫോട്ടോയാണ് വ്യാജമെന്ന് സ്ഥിതീകരിച്ചത്. ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ആയിരക്കണക്കിന് പേരാണ് ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളിതന്നെ വിമാനത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഈ ചിത്രത്തോടൊപ്പം നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് 5000 ഓളം പേരാണ് ഷെയര്‍ ചെയ്തത്. കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും അമ്മയെ ഇതുവരെ കണ്ടെത്താനാകില്ലെന്നുമായിരുന്നു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്. എന്നാല്‍ ചിത്രം ജൂലൈയില്‍ നടന്ന ഒരു ബോട്ട് അപകടത്തിന്റേതാണെന്ന് സ്ഥികരിച്ചിട്ടുണ്ട്. ഇന്തൊനേഷ്യയിലെ സെലയര്‍ ദ്വീപില്‍ തകര്‍ന്ന ബോട്ടില്‍നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞാണിത്. അന്ന് 34 പേരാണ് അപകടത്തില്‍ മരിച്ചത്. 150 പേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അപകടത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ലയണ്‍ എയര്‍ വിമാനം ആണ് 189 യാത്രക്കാരുമായി കടലില്‍ പതിച്ചത്. സംഭവം നടന്നത് മുതല്‍ തുടരുന്ന തിരച്ചിലിനൊടുവില്‍ ഇന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ഒപ്പം നിരവധി മൃതദേഹങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.