പത്തു മണിക്കൂറിനിടെ അഞ്ചു ലക്ഷം മൊബൈല്‍: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലില്‍ റെക്കോര്‍ഡ്

ബംഗളൂരു: ‘ബിഗ് ബില്യണ്‍ ഡേ’ വില്‍പനയുടെ ഭാഗമായി 10 മണിക്കൂറിനുള്ളില്‍ വിറ്റുപോയത് അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകളാണെന്ന് ഇടെയില്‍ രംഗത്തെ പ്രമുഖരായ ഫ്‌ളിപ്കാര്‍ട്ട്. 10 മണിക്കൂര്‍ എന്ന ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമിലോ കടകളിലൂടെയോ രാജ്യത്ത് നടന്ന ഏറ്റവും ഉയര്‍ന്ന വില്‍പനയാണിതെന്നും കമ്പനി അവകാശപ്പെട്ടു. ബിഗ് ബില്യണ്‍ ഡേ എന്നു പേരിട്ട ഫ്‌ളിപ്കാര്‍ട്ടിന്റെ ഉത്സവകാല ആദായവില്‍പന ഒക്ടോബര്‍ 13നാണ് തുടങ്ങിയത്. 17നാണ് അവസാനിക്കുക. ബംഗളൂരു, മുംബൈ, ഡല്‍ഹി എന്നീ മെട്രോകളാണ് വില്‍പനയില്‍ മുന്നില്‍നിന്നതെങ്കിലും ടയര്‍ രണ്ട് നഗരങ്ങളായ നാഗ്പുര്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം, ജയ്പുര്‍ എന്നിവിടങ്ങളിലും മികച്ച പ്രതികരണമാണുണ്ടായതെന്ന് കമ്പനി അറിയിച്ചു. വിറ്റുപോയ മൊബൈലുകളുടെ 75 ശതമാനവും 4ജി സൗകര്യമുള്ളവയായിരുന്നു. ആദ്യദിനം മൊത്തം 10 ലക്ഷം ഉല്‍പന്നങ്ങളാണ് വിറ്റത്. 60 ലക്ഷം പേരാണ് സൈറ്റ് സന്ദര്‍ശിച്ചത്. ഓരോ സെക്കന്‍ഡിലും 25 ഉല്‍പന്നങ്ങള്‍ വീതം വിറ്റുപോയെന്നും കമ്പനി അറിയിച്ചു. 70 വിഭാഗങ്ങളിലായി മൂന്നു കോടി ഉല്‍പന്നങ്ങളാണ് ഫ്‌ളിപ്കാര്‍ട്ട് വില്‍പനക്ക് വെച്ചിരിക്കുന്നത്.

Top