ഓര്‍ഡര്‍ ചെയ്തത്‌ ഹെഡ്‌ഫോണ്‍; ഫ്ളിപ്കാര്‍ട്ട് നല്‍കിയത് എണ്ണ; പരാതി പറയാന്‍ വിളിച്ചപ്പോള്‍ കിട്ടിയത് ബി.ജെ.പി മെമ്പര്‍ഷിപ്പ്

കൊല്‍ക്കത്ത: സ്വസ്തമായി ലോകകപ്പ് കാണാനായി ഹെഡ്‌ഫോണും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ഫുട്‌ബോള്‍ ആരാധകന് തേച്ചുകുളിക്കാന്‍ എണ്ണ നല്‍കി ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം. പരാതി പറയാന്‍ കസ്റ്റമര്‍കെയറില്‍ വിളിച്ചപ്പോള്‍ കിട്ടിയത് ബിജെപി മെമ്പര്‍ഷിപ്പും. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

കൊല്‍ക്കത്തക്കാരനായ ഒരു ഫുട്‌ബോള്‍ ആരാധകനാണ് ഈ ഫുട്ബോള്‍ കാലത്ത് ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ  ഫ്ളിപ്കാര്‍ട്ട് എട്ടിന്റെ പണി കൊടുത്തത്. പാതിരാത്രി ഫുട്‌ബോള്‍ കാണുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാനാണ് ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. രണ്ടു സെറ്റ്  ഹെഡ്‌ഫോണാണ് ഓര്‍ഡര്‍ ചെയ്തത്. പക്ഷേ ഹെഡ്ഫോണ്‍ പ്രതീക്ഷിച്ചിരുന്ന യുവാവ് വീട്ടിലെത്തിയ ഫ്ളിപ്കാര്‍ട്ടിന്റെ പാക്കറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിയത്. പാക്കറ്റിലുണ്ടായ എണ്ണക്കുപ്പിയും കൈയ്യില്‍പ്പിടിച്ച് പരാതി പറയാന്‍ വിളിച്ചപ്പോള്‍ ആദ്യം ഫോണ്‍ കണക്ടായില്ല പിന്നീട് വീണ്ടും വിളിച്ചപ്പോളാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മെസ്സേജ് ലഭിച്ചത്. അംഗത്വമെടുക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് പേരും വിലാസവും പിന്‍കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാനും മെസ്സേജില്‍ നിര്‍ദേശമുണ്ടായിരുന്നു. വീണ്ടും ആ നമ്പറില്‍ വിളിച്ചുപ്പോള്‍ വീണ്ടും അതേ മെസ്സേജ് വന്നു. തുടര്‍ന്ന് ചില സുഹൃത്തുക്കളെക്കൊണ്ടും വിളിപ്പിച്ചെങ്കിലും ഇതുതന്നെയായിരുന്നു ഫലം. പിന്നീട് ഫ്ളിപ്കാര്‍ട്ടിന്റെ യഥാര്‍ഥ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിയെത്തുടര്‍ന്ന് ഫ്ളിപ്കാര്‍ട്ട് ഇയാള്‍ക്ക് ഹെഡ്‌ഫോണ്‍ അയച്ചുകൊടുത്തു. അബദ്ധത്തില്‍ ഹെഡ്‌ഫോണിനു പകരം എണ്ണ അയച്ചതാണെന്നും അത് ഉപയോഗിക്കുകയോ കളയുകയോ ചെയ്യാമെന്നും അധികൃതര്‍ അറിയിക്കുകയും ചെയ്തു.

അതേസമയം ഫ്ളിപ്കാര്‍ട്ടില്‍ വിളിച്ചപ്പോള്‍ അതില്‍ എങ്ങനെയാണ് ബി.ജെ.പിയുടെ നമ്പര്‍ കടന്നുകൂടിയതെന്ന് അറിയില്ലെന്ന് ബി.ജെ.പി ബംഗാള്‍ ഘടകം വ്യക്തമാക്കി. തങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലുമെല്ലാം ഉള്ള നമ്പര്‍ ആര്‍ക്കു വേണമെങ്കിലും പങ്കുവെക്കാവുന്നതാണ്. ആരെങ്കിലും അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും ബിജെപി വക്താവ് പറഞ്ഞതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Top