
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചാനൽ ചർച്ചയിൽ വന്നിരുന്നു പറയുന്നത് മുഴുവൻ മണ്ടത്തരങ്ങൾ, സോഷ്യൽ മീഡിയയിൽ എതിരാളികൾ പത്മകുമാറിന്റെ ചർച്ചകളുടെ വീഡിയോ ഉപയോഗിച്ച് പാർട്ടിയെ അപമാനിക്കുന്നതായും കണ്ടെത്തൽ. ഇതേ തുടർന്നു ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നു ബിജെപി നേതാവ് ജെആർ പദ്മകുമാറിനെ ആർഎസ്എസ് വിലക്കി. ആർഎസ്എസിൻറെയും പാർട്ടിയുടേയും സമ്മർദ്ദത്തിന് വഴങ്ങി കുറച്ച് കാലമെങ്കിലും ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പദ്മകുമാറിനോട് കുമ്മനം തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം.
ചാനൽ ചർച്ചകളിൽ പദ്മകുമാറിന്റെ നിലപാടുകൾ എതിരാളികളെ പ്രതിരോധിക്കാൻ പര്യാപ്തമല്ലെന്നാണ് ആർ.എസ്.എസ് വിമർശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പദ്മകുമാറിനെ മാറ്റി നിർത്തണമെന്ന് കഴിഞ്ഞ ഒരു വർഷമായി ആർ.എസ്.എസ് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളിൽ ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ച മുതലാണ് പദ്മകുമാറിനെ മാറ്റണമെന്ന ആവശ്യമുയർന്നത്.
ചർച്ചയിൽ, ബ്രിട്ടീഷ് സർക്കാരിന് ആറ് തവണ മാപ്പ് എഴുതി നൽകിയ ആളാണ് സവർക്കറെന്ന് പദ്മകുമാർ സമ്മതിച്ചിരുന്നു. എതിർ പാർട്ടിക്കാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു പദ്മകുമാറിന്റെ സമ്മതം. പദ്മകുമാറിന്റെ പ്രസ്താവന പാർട്ടിക്കും ആർ.എസ്.എസിനും ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇതേതുടർന്നാണ് പദ്മകുമാറിനെ മാറ്റി നിർത്തണമെന്ന ആവശ്യമുയർന്നത്. ദീൻദയാൽ ഉപാധ്യായുടെ സംഭാവനകൾ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിനും പദ്മകുമാറിന് ഉത്തരമുണ്ടായില്ല. മുത്തലാഖുമായി ബന്ധപ്പെട്ട ചർച്ചയിലെ ഒരു പരാമർശമാണ് പെട്ടന്നുള്ള നടപടിക്കുള്ള കാരണം. മുസ്ലീം വ്യക്തി നിയമബോർഡിൽ സ്ത്രീകൾ അംഗങ്ങളല്ലെന്ന് പദ്മകുമാർ പറഞ്ഞിരുന്നു. എന്നാൽ രണ്ട് വനിതാ അംഗങ്ങൾ ഇതിൽ അംഗങ്ങളാണെന്ന് മറ്റ് പാനൽ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.