ചെട്ടിക്കുളങ്ങളങ്ങര ഭരണി ആഘോഷത്തിനിടയില്‍ കരക്കാരും പോലീസും എറ്റുമുട്ടി; സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും ഫയര്‍ഫോഴ്‌സുകാര്‍ക്കും പരിക്ക്‌

ആലപ്പുഴ: ചെട്ടിക്കുളങ്ങര ഭരണി ആഘോഷത്തിനിടയില്‍ സംഘര്‍ഷം. ഈരേഴ തെക്കേ കരക്കാരും പോലീസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് തലയ്ക്ക് സാരമായി പരിക്കേറ്റു. പോലീസുകാരെ കരക്കാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വം കരുതി കൂട്ടി ചെയ്തതെന്ന് വിവരം. ക്ഷേത്ര ഭരണം കൈവിട്ടു പോയതിലുള്ള അസംതൃപ്തിയാണ് സംഘര്‍ഷത്തിന് കാരണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രമായ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ നടത്തിപ്പ് ശ്രീദേവി വിലാസം ഹിന്ദു മത കണ്‍വന്‍ഷന്‍ എന്ന കമ്മിറ്റിക്കാണ്.

വര്‍ഷങ്ങളായി ഇതിന്റെ ഭരണം സി പി എം നേതൃത്വത്തിലായിരുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും തന്നിഷ്ടപ്രകാരമുള്ള ഭരണവും മടുത്തതോടെ കഴിഞ്ഞ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തത്. ഇത് സി പി എം നേതൃത്വത്തിന് ദഹിച്ചില്ല. മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഭരണി മഹോത്സവത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ഉത്സവം അലങ്കോലപ്പെടുത്തി ഉത്തരവാദിത്വം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി. എന്നാല്‍ ഭരണ സമിതിയുമായ പലവട്ടം കൊമ്പ് കോര്‍ത്തെങ്കിലും സംയമനം പാലിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്സവ ദിവസം സംഘപരിവാറുമായി സംഘട്ടനം നടത്താന്‍ തീരുമാനിച്ചെത്തിയ സി.പി.എം സംഘം ക്ഷേത്രത്തിന് സമീപം നിലയുറപ്പിച്ചു. പ്രകോപനങ്ങള്‍ പലതും സൃഷ്ടിച്ചെങ്കിലും സംഘപരിവാര്‍ തിരിഞ്ഞു പോലും നോക്കിയില്ല. ഈ സമയമാണ് റോഡിലേക്ക് ചാഞ്ഞ് നിന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നതും പൊലീസ് ഇടപെടുന്നതും. പൊലീസുമായി ഈരേഴ തെക്കേ കരക്കാര്‍ കയ്യാങ്കളിയായി. വിവരമറിഞ്ഞ് കുടുതല്‍ പൊലീസെത്തി. ഈ സമയം ഈരേഴ തെക്കേ കരയുടെ ഭാഗമായ പരുമല ഭാഗത്തുള്ള നിരവധി സി പി എം പ്രവര്‍ത്തകര്‍ കൂട്ടമായെത്തുകയും പൊലീസിനെ വളഞ്ഞിട്ട് തല്ലുകയുമായിരുന്നു. ഇതിനിടെ മാവേലിക്കര സ്റ്റേഷനിലെ ഒരു പൊലീസുകാരന്റെ തല സോഡാ കുപ്പി ഉയോഗിച്ചടിച്ചു തകര്‍ത്തു.

അടി കൊണ്ട് വീണ പൊലീസുകാരനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങവേ സംഭവ സ്ഥലത്തെത്തിയ ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരകുറുപ്പിന്റെ നേതൃത്വത്തിലുള്ള സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞു. ആംബുലന്‍സ് എത്തിയപ്പോള്‍ സി പി എം അനുകൂല മുദ്രാവാക്യവുമായി ഇയാളും പ്രവര്‍ത്തകരും ആംബുലന്‍സിന് മുന്നില്‍ കുത്തിയിരുന്നു. പിന്നീട് ഏറെ പണിപെട്ടാണ് പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഉത്സവത്തിനിടെ യാതൊരനിഷ്ട സംഭവങ്ങളും ഉണ്ടാവാതിരിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലെ പ്രതിനിധി കൂടിയാണ് പ്രഭാകരക്കുറുപ്പ്.

എ.ആര്‍.ക്യാമ്പിലെ സി.ഐ സനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിനാണ് മര്‍ദ്ധനമേറ്റത്. പൊലീസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഫയര്‍ഫോഴ്സ് വാഹനവും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന കായംകുളം ഫയര്‍ സ്റ്റേഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. പൊലീസുകാരും കരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 18 പൊലീസുകാരടക്കം മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

ഈരേഴ തെക്കേ കരക്കാരുടെ കെട്ടുകാഴ്ച്ച ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മൂന്ന് തവണ പൊലീസുകാരും കരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എത്തി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. പരുക്കേറ്റവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ തമ്മിലുള്ള സംഘട്ടനം തടയാനാണ് പൊലീസ് അവിടെ എത്തിയത്. എന്നാല്‍ ഇവര്‍ പൊലീസിനെതിരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്പി കെ.ആര്‍.ശിവസുദന്‍ പറഞ്ഞു. ആവശ്യത്തിലധികം ഫോഴ്സുണ്ടായിട്ടും പൊലീസ് തിരിച്ചടിക്കാതെ സംയമനം പാലിക്കുകയായിരുന്നെന്നും അദ്ധേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് നടപടി സ്വീകരിക്കാന്‍ തുടങ്ങി.

Top