കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബ. ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് താരം പ്രതികരിച്ചത്.
ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പോള്‍ പോഗ്ബ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വിഷയം അന്താരാഷ്ട്ര തലത്തില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഹിജാബ് നിരോധനം പേടിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.
കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ചതിന്റെ പേരില്‍ തടഞ്ഞ നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു.
ഇതിന് പിന്നാലെ കര്‍ണാടകയില്‍ പലയിടത്തും ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. ഇതോടെ സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാളണിഞ്ഞ് എത്തിയതോടെ സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ എത്തി.
ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം.