കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ക്രിസ്റ്റിയാനോ റൊണാൾഡോ പൗലോ ഡൈബാല,ഗിയാൻലൂയിഗി ബഫൺ തുടങ്ങിയ താരങ്ങൾ കളിക്കുന്ന ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടോപ്പ് ടെയർ ഫുട്ബോൾ അക്കാദമിയായ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ പരിശീലനകനും യൂറോപ്യൻ യൂണിവേഴ്സിറ്റി പൂർവ്വവിദ്യാർത്ഥിയും ജോവന്നാസ് എസ്ട്രലോസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ തിരുവല്ല സ്വദേശി മെബിൻ സാം മാത്യുവാണ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ടൂറിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യുവന്റ്സ് ക്ലബിന്റെ ഇന്ത്യയിലെ ആദ്യ ഫ്രാഞ്ചൈസിയാണ് കേരളത്തിലേത്.
യുവന്റ്സ് അക്കാദമിയിലൂടെ കേരളത്തിൽ മൂന്ന് പരിശീലന അക്കാദമി ആരംഭിക്കുന്നതിനാണ് പദ്ധതി. തിരുവനന്തപുരത്ത് സ്വകാര്യ ടർഫ്, കോട്ടയം സിഎംഎസ് കോളജ്, കൊച്ചിയിൽ ഒരു സ്വകാര്യ ടർഫ് എന്നിവ ആരംഭിച്ച് അക്കാദമി തുറക്കുന്നതിനുള്ള നടപടി പൂർത്തിയാക്കി.യുവന്റസ് ക്ലബിന്റെ 160ലധികം ഫ്രാഞ്ചൈസികളിൽ ഒന്നാണ് കേരളത്തിലേത്. ക്ലബിന്റെ ആസ്ഥാനമായ ടൂറിന് സമാനമായ സൗകര്യമായിരിക്കും കേരളത്തിലും ഒരുക്കുക. തുടക്കത്തിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് അക്കാദമി തുടങ്ങുന്നത്.
കൂടുതൽ ജില്ലകളിൽ അക്കാദമി ആരംഭിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മെബിൻ പറഞ്ഞു. സ്വന്തം നാട്ടിലെ കളിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും അക്കാദമി സഹായയകമാകും. കേരളത്തിൽ മികച്ച ഫുട്ബോൾ പരിശീലനവും ടർഫും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് -8590799190,8547122285.www://academy.juventus.com/en/year-round-training-kerala/.com