സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ) സെക്രട്ടറിയും രാജിവെച്ച പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ വലംകൈയുമായ ജെറോം വാല്‍ക്കെയെ സംഘടന സസ്‌പെന്‍ഡ് ചെയ്തു. 2014 ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകള്‍ അമിതവിലയ്ക്ക് മറിച്ചുവിറ്റെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി.
മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ വാല്‍ക്കെയെ തന്റെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയതായി ഫിഫ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫ്രഞ്ചുകാരനായ വാല്‍ക്കെ 2007 മുതല്‍ ഫിഫ സെക്രട്ടറിസ്ഥാനത്തുണ്ട്. ആരോപണം കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് വാല്‍ക്കെ പ്രതികരിച്ചു.
കഴിഞ്ഞ മെയ് മാസത്തിലാണ് ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളും അറസ്റ്റുമുണ്ടായത്. ഫിഫയിലെ ഏഴ് ഉന്നതരെ സ്വിസ് പോലീസ് സൂറിച്ചില്‍നിന്ന് അറസ്റ്റുചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ നടപടി എന്ന് വിലയിരുത്തപ്പെടുന്നു.
വാല്‍ക്കെക്കെതിരായ നടപടി, ഫിഫ അധ്യക്ഷനായി അഞ്ചാമതും തിരഞ്ഞെടുക്കപ്പെട്ടശേഷം അഴിമതി ആരോപണങ്ങളുടെ പേരില്‍ രാജിവെച്ച സെപ് ബ്ലാറ്റര്‍ക്കും തിരിച്ചടിയാണ്.