ആദിവാസി യുവാവിന് നിര്‍ബന്ധിച്ച് വന്ധ്യംകരണം.ആശുപത്രിയില്‍ പ്രതിഷേധം; പൂര്‍വസ്ഥിതിയിലാക്കാന്‍ വീണ്ടും ശസ്ത്രക്രിയ

പുല്‍പ്പള്ളി:ഭാര്യയുമായി വേര്‍പെട്ടു കഴിയുന്ന മക്കളില്ലാത്ത ആദിവാസി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതായി പരാതി. പാലമൂല ആദിവാസി കോളനിയിലെ ചന്ദ്രനാ (30) ണ് പരാതിപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കിടയായ സംഭവം. കൂലിപ്പണിക്കാരനായ ചന്ദ്രന് ഈ മാസം 18 നാണ് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തിയത്. സംഭവം വിവാദമായതോടെ, പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ചന്ദ്രനെ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ സന്ദര്‍ശിച്ചു. ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഡി എം. ഒയില്‍ നിന്നും ആശുപത്രി അധികൃതരില്‍ നിന്നും കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ടി.ടി എടുക്കാനെന്ന പേരിലാണ് ചന്ദ്രനെ പുല്‍പ്പള്ളി സി.എച്ച്.സിയില്‍ ശസ്ത്രക്രിയയ്ക്ക് എത്തിച്ചതെന്നാണ് പരാതി. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് ചന്ദ്രന്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് രക്തം, മൂത്രം എന്നിവ പരിശോധനയ്ക്ക് എടുക്കുകയും പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള സമ്മത പത്രത്തില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടീക്കുകയുമായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു.
9 വര്‍ഷം മുമ്പ് ഭാര്യ ചന്ദ്രനെ ഉപേക്ഷിച്ച് പോയതാണ്. മക്കളില്ലാത്ത ചന്ദ്രന് രണ്ട് കുട്ടികള്‍ ഉണ്ടെന്നാണ് ആശുപത്രിയില്‍ രേഖകള്‍ നല്‍കിയത്. ശസ്ത്രക്രിയ സംബന്ധിച്ച് പ്രദേശത്തെ പ്രൊമോട്ടര്‍, ആശാ വര്‍ക്കര്‍ എന്നിവര്‍ അറിഞ്ഞിട്ടില്ല. ശസ്ത്രക്രിയയ്ക്ക് വിധേയമാകും മുമ്പ് ബന്ധുക്കളെ വിവരം അറിയിക്കണം. ഇതും പാലിക്കപ്പെട്ടിട്ടില്ല.
സംഭവം പുറത്തായതോടെ തിങ്കളാഴ്ച രാവിലെ മുതല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ ബി.ജെ.പിയും ഡി.വൈ.എഫ് .ഐയും സമരവുമായി എത്തി. അധികൃതര്‍ സ്ഥലത്തെത്തി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു സമരക്കാര്‍. ഉച്ചയോടെയാണ് കളക്ടര്‍ ആശുപത്രിയിലെത്തിയത്. സന്താനോദ്പാദനത്തിന് സാദ്ധ്യമാക്കും തരത്തില്‍ ചന്ദ്രനെ മാറ്റാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. ഇതിന് ആവശ്യമായ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്താന്‍ സൗകര്യമൊരുക്കും. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി ഉണ്ടാകുമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top