ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച വിദേശ സര്‍വകലാശാലകളില്‍ നിന്ന് പിഎച്ച്ഡി നേടുന്നവര്‍ക്ക് ഇന്ത്യയിലെ സര്‍വകലാശാലകളില്‍ അസി.പ്രൊഫസര്‍ തസ്തികയിലേക്ക് നേരിട്ട് നിയമനം നല്‍കാമെന്ന് യുജിസി. ഇക്കൂട്ടര്‍ക്ക് ഇനി എഴുത്ത് പരീക്ഷ ഇല്ലാതെ തന്നെ നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍നാഷണല്‍ റാങ്കിംഗ് പ്രകാരം ആദ്യ 500 സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുന്നത്.
ആര്‍ട്‌സ്, കൊമേഴ്‌സ്, ഹ്യുമാനീറ്റീസ്, ലോ, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ലാംഗ്വേജ്, ലൈബ്രറി സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് നിയമനം സാധ്യമാകുന്നതെന്ന് യുജിസി ഔദ്യോഗിക വക്താവ് അറിയിച്ചു.
നിലവില്‍ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്നുള്ള 55% മാര്‍ക്കില്‍ കുറയാത്ത ബിരുദവും ബിരുദാനന്തര ബിരുദവും, നെറ്റ് അല്ലെങ്കില്‍ ജെആര്‍എഫുമാണ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാന യോഗ്യത. എഴുത്തുപരീക്ഷ ഇല്ലെങ്കിലും അഭിമുഖത്തില്‍ മികച്ച മാര്‍ക്ക് നേടിയെങ്കില്‍ മാത്രമേ നിയമനം ലഭിക്കൂ.