ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശരാജ്യ പര്യടനങ്ങളില്‍ ഖജനാവില്‍ നിന്നു ചിലവായത് 37 കോടി രൂപ. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളിലാണ് കണക്കുകള്‍. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെയുള്ള കാലയളവില്‍ മേദി പറന്നത് 20 വിദേശ രാജ്യങ്ങളിലേക്ക്. ഓസ്‌ട്രേലന്‍ യാത്രയിലാണ് കൂടുതല്‍ തുക ചെലവായത്. 8.9 കോടി രൂപ. ഭൂട്ടാനിലേക്കുള്ള യാത്രയില്‍ മാത്രമാണ് “കോടി’ കടക്കാതിരുന്നത്. വെറും 41.33 ലക്ഷം രൂപയ്ക്കു മോദിയും കൂട്ടരും ഭൂട്ടാനില്‍ പോയി വന്നു.
കങ്കാരുക്കളുടെ നാട്ടിലേക്കുള്ള യാത്രയ്ക്കും ഹോട്ടല്‍ മുറികള്‍ക്കുമായി 5.60 കോടി രൂപ മുടക്കിയപ്പോള്‍ പ്രതിനിധികള്‍ക്കായി 2.40 കോടി രൂപയും വിനിയോഗിച്ചു. യുഎസ് -6.13, ജര്‍മനി-2.92, ഫിജി-2.59, ചൈന-2.34 കോടി രൂപ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ ചെലവായത്. 2014 സെപ്റ്റംബറിലെ യുഎസ് സന്ദര്‍ശനത്തില്‍ ഹോട്ടല്‍ ബില്ലിന് 9.16 ലക്ഷം രൂപയും എസ്പിജി സൈനികര്‍ക്കായി 11.51 ലക്ഷം രൂപയും ചെലവായി.
അയല്‍രാജ്യമായ ചൈനയില്‍ ഹോട്ടല്‍ ബില്ലിനത്തില്‍ മുടക്കിയത് 1.06 കോടി രൂപയാണ്. വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ വേണ്ടി വന്നത് 60.88 ലക്ഷം രൂപ. ചൈനയിലേക്കു പോയ ഒഫീഷ്യല്‍സിന്റെ പ്രതിദിന അലവന്‍സിനായി നല്കിയത് 9.80 ലക്ഷം രൂപയും. പ്രധാനമന്ത്രിയായ ശേഷം ആദ്യ 365 ദിവസത്തില്‍ 53 ദിവസമാണ് മോദി വിദേശത്തു തങ്ങിയത്.