കൊച്ചി: എറണാകുളം മഹാദേവ ക്ഷേത്രത്തില്‍ അര്‍ദ്ധരാത്രി വിദേശി കയറിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. ക്ഷേത്രത്തില്‍ വിദേശി എത്തിയ സമയം ഇവിടുത്തെ മുഴുവന്‍ സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തന രഹിതമായതായി കണ്ടെത്തി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ 16ആം തീയതി രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിക്ക് എറണാകുളം മഹാദേവ ക്ഷേത്രത്തിന്റെ മതില്‍ ചാടി വിദേശി അകത്ത് കടക്കുകയായിരുന്നു. ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളെ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയും ചെയ്തു. പോര്‍ച്ചുഗീസ്‌കാരനായ ഇയാളെ ചോദ്യം ചെയ്ത ശേഷം പൊലീസ് വെറുതെ വിടുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ദുരൂഹതയേറിയത്. വിദേശി അകത്തു പ്രവേശിച്ച ശേഷമുളള 15 മിനിറ്റ് സമയം മാത്രം ക്ഷേത്രത്തിനുളളിലെ 13 സി.സി.ടി.വി ക്യാമറകളും പ്രവര്‍ത്തിച്ചിട്ടില്ല.
എറണാകുളം മഹാദേവ ക്ഷേത്രത്തിന് സമീപമുളള ഹനുമാന്‍ കോവിലിന് മുമ്പിലെ സി.സി.ടി.വിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ബാഗും, ചെരിപ്പും ഇവിടെ വച്ച ശേഷം ഇയാള്‍ ക്ഷേത്രത്തിന് ഉളളിലേക്ക് നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്ഷേത്രത്തിനുളളില്‍ 15 മിനിറ്റ് സമയം വിദേശി ചിലവഴിച്ചിട്ടുണ്ട്. ഇയാളുടെ ബാഗില്‍ നിന്നും ലാപ് ടോപ് അടക്കമുളള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.