ഗൗരിയെയും കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ച്

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെയും എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ തരത്തിലുള്ള തോക്ക് ഉപയോഗിച്ച് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതിന് സമാനമായ 7.65 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടു സംഭവങ്ങളിലും ഉപയോഗിച്ചിരുന്ന തോക്കില്‍ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമോ സംഘടനയോ ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കല്‍ബുര്‍ഗി കേസിലെ ഫോറന്‍സിക് പരിശോധനയില്‍, ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു. സെപ്തംബര്‍ അഞ്ചിനാണ് ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡില്‍ വീടിന് മുന്നില്‍ വച്ച് ബൈക്കിലെത്തിയവരുടെ വെടിയേറ്റാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്.
അതേസമയം, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സംഘപരിവാര്‍ തന്നെയാണെന്ന് വ്യക്തമാക്കി സിപിഐ മാവോയിസ്റ്റ് രംഗത്തെത്തി. കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് തരംതാണ നടപടിയാണെന്നും ജനകീയ പോരാട്ടങ്ങളുടെ വായ്മൂടി കെട്ടുന്നതിന് വേണ്ടി സംഘപരിവാര്‍ നടപ്പിലാക്കിയ കൊലയാണിതെന്നും സിപിഐ മാവോയിസ്റ്റ് വ്യക്തമാക്കി. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുത്വ ശക്തികളുടെ അക്രമങ്ങള്‍ക്കെതിരെയും നിര്‍ഭയം പോരാടിയാ വ്യക്തിയായിരുന്നു ലങ്കേഷെന്നും കുറിപ്പില്‍ പറയുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ കന്നടയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് മുതലാണ് വലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായി ലങ്കേഷ് മാറിയതെന്നും കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്ക് പങ്കുള്ളതിന്റെ സൂചനയാണ്. ഭരണത്തിന്റെ ഭാഗമായവര്‍ക്ക് തന്നെ കൃത്യത്തില്‍ പങ്കുള്ളപ്പോള്‍ അന്വേഷണം എത്തരത്തിലാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ കേസുകള്‍ ചൂണ്ടിക്കാട്ടി സിപിഐ മാവോയിസ്റ്റ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top