കൊച്ചി: നിയമസഹായം തേടിയെത്തിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം ഹൈക്കോടതി നേരത്തെ അനുവദിച്ചിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും അഭിഭാഷകനെന്ന പരിഗണന നൽകാനാകില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇതിന് പിന്നാലെയാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ മനു നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളുകയായിരുന്നു.
മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. പി ജി മനുവിന് കീഴടങ്ങാൻ പത്ത് ദിവസത്തെ സമയവും സുപ്രീം കോടതി നൽകിയിരുന്നു. സുപ്രീം കോടതിയിൽ ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് പി ജി മനുവിന്‍റെ ജാമ്യ ഹർജി തള്ളിയത്.