ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു. 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ഇതേ കേസില്‍ സഹോദരന്‍ ജൂലി ത്യാഗിയെയും അറസ്റ്റ് ചെയ്തു.
രാജ്യത്ത് ഏതെങ്കിലും സേനയുടെ മേധാവി ഇതുപോലെ ഒരിടപാടില്‍ പ്രതിസ്ഥാനത്തു വരുന്നതും അറസ്റ്റിലാകുന്നതും ഇതാദ്യമാണ്. യു.പി.എ. സര്‍ക്കാറിന്റെ കാലത്താണ് വിവാദമായ ഹെലിക്കോപ്റ്റര്‍ ഇടപാട് നടന്നത്. 2005 ഡിസംബര്‍ 31 മുതല്‍ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കെയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി കോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഇത്തരം കോപ്റ്ററുകള്‍ക്ക് 6,000 മീറ്റര്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവു ചെയ്തു 4,500 മീറ്റര്‍ മതി എന്നു കുറച്ചതു ത്യാഗിയാണ്. ഈ ഇളവു വരുത്തിയതു കാരണമാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിനു കരാറില്‍ പങ്കെടുക്കാന്‍ യോഗ്യത കൈവന്നത്.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ത്യാഗിയെ സിബിഐ തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ ഇറ്റാലിയന്‍ മധ്യസ്ഥന്മാരായിരുന്ന ഗൈഡോ റാല്‍ഫ് ഹാഷ്ച്കേ, കാര്‍ലോ ജെറോസ എന്നിവരെ പലതവണ കണ്ടിരുന്നു എന്നു സിബിഐയുടെ ചോദ്യംചെയ്യലില്‍ ത്യാഗി സമ്മതിച്ചിരുന്നു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ പിന്നിലുള്ള ശരിയായ കമ്പനി ഫിന്‍ മെക്കാനിക്കയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി 2005ല്‍ കൂടിക്കണ്ടിരുന്നുവെന്നു ത്യാഗി സമ്മതിച്ചതായും സിബിഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എസ്.പി. ത്യാഗി വ്യോമസേനയുടെ നിലവില്‍ ഉള്ള നിബന്ധനകള്‍ മറികടന്നാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി കാരാറില്‍ ഏര്‍പ്പെട്ടതെന്ന് ഇറ്റാലിയിലെ മിലാന്‍ കോടതി കണ്ടെത്തിയിരുന്നു.