മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എംടി പത്മ അന്തരിച്ചു!വിടവാങ്ങിയത് കേരള മന്ത്രിസഭയിൽ അംഗമാവുന്ന മൂന്നാമത്തെ വനിത

തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംടി പത്മ (81 )അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മകൾക്കൊപ്പമായിരുന്നു താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കേരളത്തിലെ മൂന്നാമത്തെ വനിതാമന്ത്രിയായിരുന്നു എം ടി പത്മ.സംസ്‌കാര ചടങ്ങുകൾ ഉൾപ്പെടെ കോഴിക്കോട് ആയിരിക്കും നടക്കുക. കേരള മന്ത്രിസഭയിൽ അംഗമായിരുന്ന മൂന്നാമത്തെ വനിത മാത്രമായിരുന്നു എംടി പത്മ.

1991ൽ കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമ വികസന-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായാണ് അവർ സേവനം അനുഷ്‌ഠിച്ചത്. രണ്ട് വട്ടം കോഴിക്കോട് കൊയിലാണ്ടി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു അവർ. എട്ടും ഒൻപതും കേരള നിയമസഭകളിൽ ആയിരുന്നു അവർ അംഗമായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ രണ്ട് വട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. 1999ൽ പാലക്കാടും 2004ൽ വടകരയിലുമായിരുന്നു അവർ മത്സരിച്ചത്. 2013ൽ കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച പത്മ പിന്നീട് ഇവിടെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിരുന്നു.

കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായി കെഎസ്‌യുവിലൂടെയായിരുന്നു പത്മയുടെ രാഷ്ട്രീയ പ്രവേശനം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറർ എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചുകൊണ്ട് സജീവ സാന്നിധ്യമായിരുന്നു അവർ. നിയമത്തിൽ ബിരുദവും ആർട്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള വ്യക്തി കൂടിയായിരുന്നു എംടി പത്മ. മുൻപ് കെ കരുണാകരൻ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡിഐസി രൂപീകരിച്ചപ്പോൾ അതിൽ ചേർന്ന് പ്രവർത്തിക്കാനും അവർ തയ്യാറായിരുന്നു. പിന്നീട് അവർ കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

Top