ജയ്പുര്‍:ജയ്‌പൂര്‍: നിരാഹാര സമരം നടത്തി വന്നിരുന്ന മുന്‍ ജനതാദള്‍ എം.എല്‍.എയായ ഗുരുചരണ്‍ ചബ്ര മരിച്ചു. രാജസ്‌ഥാനില്‍ മദ്യം നിരോധിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം നടത്തി വരികെയാണ് എം.എല്‍.എ മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ രണ്ടിനാണ് ഛബ്ര നിരാഹാര സമരം തുടങ്ങിയത്. നിരാഹാര സമരത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ചബ്ര രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്താമെന്ന രേഖാമൂലമുള്ള ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോയതിനെത്തുടര്‍ന്നാണ് ഛബ്ര മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.. കഴിഞ്ഞ വര്‍ഷം 45 ദിവസം നിരാഹാര സമരം നടത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ഒരു ഉറപ്പ് സര്‍ക്കാര്‍ അദ്ദേഹത്തിന് ല്‍കിയത്.
സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മൂലമാണ് ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം നടത്തിയ ഛബ്ര മരിക്കാന്‍ കാരണമെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വസുന്ധരെ രാജെ ഒരിക്കലെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ഗെലോട്ട് പറഞ്ഞു.