ഷാര്‍ജ: പ്രായപൂര്‍ത്തിയാകാത്ത 4 പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്ന് യുഎഇയിലെ ഷാര്‍ജയില്‍ പതിനാലുകാരനായ ബാലനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ഷാര്‍ജ ഷാരിഅ കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനെ മര്‍ദ്ദിച്ച് ലൈംഗീകമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള ആരോപണം. പ്രതികളില്‍ ഒരു പെണ്‍കുട്ടിയാണ് പതിനാലുകാരനെ ലൈംഗീകമായി പീഡിപ്പിച്ചത്. മറ്റുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു. ഇവര്‍ ഇതിനകം മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. അറബ് വംശജനായ അമേരിക്കന്‍ പൗരനാണ് പീഡിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ബാലന്‍.
ഈ വര്‍ഷം ഏപ്രില്‍ 24നാണ് ഇരയുടെ പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അല്‍ മജാസ് റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലെ സ്‌റ്റെയര്‍കെയ്‌സില്‍ തന്റെ മകനെ പ്രതികള്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വദേശികളായ പ്രതികള്‍ അവരുടെ കൂടുംബങ്ങള്‍ക്ക് ഭരണാധികാരികളിലുള്ള സ്വാധീനം വെളിപ്പെടുത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. മൂന്ന് മണിക്കൂറോളം കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ പ്രതികളുടെ ബന്ധുക്കള്‍ ആരോപണം നിഷേധിച്ചിരുന്നു. പെണ്‍കുട്ടികളും ബാലനും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും ഇവര്‍ പരസ്പര സമ്മതത്തോടെയാണ് ഇതെല്ലാം കാട്ടിക്കൂട്ടിയതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഭവം പകര്‍ത്തി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ് ബാലനും വീട്ടുകാരും പരാതിയുമായി മുന്നോട്ട് പോകാന്‍ കാരണമായതെന്നും പറയപ്പെടുന്നു.