ദില്ലി : അരുണാചൽപ്രദേശിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോഡ് ചെറുവത്തൂർ കിഴേക്കമുറിയിലെ കാട്ടുവളപ്പിൽ അശോകന്റെ മകൻ കെ വി അശ്വിൻ (24) ആണ് അപകടത്തിൽ മരിച്ച നാല് പേരിൽ ഒരാളെന്ന് സ്ഥിരീകരിച്ചു.നാലുവർഷം മുമ്പാണ് ഇലക്‌ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി അശ്വിൻ സൈന്യത്തിൽ ജോലിക്ക് കയറിയത്. നാട്ടിൽ അവധിക്ക് വന്ന അശ്വിൻ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടിൽ അറിയിച്ചത്.
ഇന്ന് രാവിലെയാണ് അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റർ തകർന്നുവീണത്. അപ്പർ സിയാംഗ് ജില്ലയിലെ സിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് രാവിലെ ഹെലികോപ്റ്റർ തകർന്നുവീണത്. ആകെ അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരിൽ നാല് പേരും മരണത്തിന് കീഴടങ്ങി.
മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗനമനം.