അമ്മയ്ക്ക് വിളിച്ചാല്‍ ചിലര്‍ക്ക് നോവും, ചിലര്‍ സംയമനം പാലിക്കും, വേറെ ചിലര്‍ അത് ആസ്വദിക്കും – ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ വ്യത്യസ്ത നിലപാടുകളെ അങ്ങനെ കണ്ടാല്‍ മതിയെന്ന് സാഹിത്യകാരന്‍ ബെന്യാമിന് ഫാ. ജോസഫ് ഇലഞ്ഞിമറ്റത്തിന്റെ മറുപടി വീണ്ടും.
സഭാംഗങ്ങളോട് വാദിച്ചു ജയിക്കാന്‍ ചിലര്‍ സ്ഥിരം പയറ്റുന്ന ‘സി. അഭയ’ എന്ന വാദം ഇവിടെ പ്രസക്തമാല്ലെന്നും ഭാഷാപോഷിണി വിഷയത്തില്‍ തെരുവിലിറങ്ങിയ ക്രിസ്ത്യാനി ഒരക്രമവും കാട്ടിയിട്ടില്ലെന്നും ഫാ. ഇലഞ്ഞിമറ്റം ചൂണ്ടികാട്ടുന്നു.
പ്രിയ ബന്യാമിന്‍,
മറുപടി നല്കാന്‍ കാട്ടിയ സന്മനസിന് ആദ്യമേ തന്നെ നന്ദി. അതിന്റെ വെളിച്ചതില്‍ ഏതാനും കാര്യങ്ങള്‍.
1. പുരോഹിതരും ദൈവവിശ്വാസികളും ഭൂരിഭാഗവും നല്ലവരാണെന്നു അങ്ങു തന്നെ പറഞ്ഞു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാനത് പറഞ്ഞ് ഫലിപ്പിക്കുന്നതിലും ഭംഗിയായി താങ്കള്‍ അത് അവതരിപ്പിച്ചു. നമ്മളെപ്പോലെ എല്ലാവരും അത് മനസിലാക്കിയിരുന്നെങ്കില്‍…
2. ആവിഷ്‌കാരസ്വതന്ത്ര്യം അവതരിപ്പിക്കുന്ന നിരവധി പുസ്തകങ്ങളുടെ പേര് നല്കിയല്ലോ. അമ്മയ്ക്കു വിളിച്ചാല്‍ ചിലര്‍ക്കു നോവും. ചിലര്‍ സംയമനം പാലിക്കും; വേറെ ചിലര്‍ അത് ആസ്വദിക്കുകയും ചെയ്യുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യ വിഷയത്തിലുള്ള വ്യത്യസ്ഥ നിലപാടുകളെ അത്തരത്തില്‍ കണ്ടാല്‍ മതി. അമ്മയ്ക്കു വിളിക്കുന്നതും ഒരുതരം സ്വാതന്ത്രപ്രകാശനമാണല്ലോ. പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ക്രിസ്തുവിശ്വാസി ഒരക്രമവും കാട്ടിയില്ല. ചെയ്തതു തെറ്റായിപ്പോയെന്ന് പത്രസ്ഥാപനത്തെ ബോധ്യപ്പെടുത്തി മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള മാര്‍ഗമവലംബിച്ചു. അത്രമാത്രം.
3. പുരോഹിതധാര്‍ഷ്ട്യത്തെ അങ്ങ് വിമര്‍ശിച്ചപ്പോള്‍ പുരോഹിതനായ ഞാനും പുരോഹിതനല്ലാത്ത അങ്ങും ഓര്‍ക്കേണ്ടത് ധാര്‍ഷ്ട്യം ആരുടേതായാലും അത് അറപ്പുളവാക്കും എന്നാണ്.
4. പത്രങ്ങളില്‍ വായിച്ചറിഞ്ഞതിന്‍ പ്രകാരം ഭാര്യയെ വ്യഭിചരിക്കാന്‍ കൊടുത്ത വിവാഹിതനായ ഒരു സമരനേതാവിന്റെയും ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പുരോഹിതനല്ലാത്ത ഇതരസംസ്ഥാനക്കാരന്റെയും ആറാം ക്‌ളാസുകാരി മകളെ പീഡിപ്പിച്ച തിരുവല്ലാ സ്വദേശിയായ പിതാവിന്റെയുമൊക്കെ പാപഭാരം ഏല്ക്കാന്‍ വിവാഹിതനും പുരോഹിതേതരനും പിതാവുമായ അങ്ങ് തയ്യാറാകുമ്പോള്‍ വരൂ നമുക്ക് സി. അഭയയുടെ മരണത്തിന്റെ ഉത്തരവാദിത്തം പുരോഹിതഗണത്തിനോ എന്ന് ഒന്നിച്ച് കോടതിയോട് ചോദിക്കാം. സത്യം പുറത്തു വരാനുള്ള ആഗ്രഹം എനിക്കുമുണ്ട്. സഭാംഗങ്ങളോട് വാദിച്ചു ജയിക്കാനാഗ്രഹിക്കുന്നവരൊക്കെ ഇത്തരം ചില സ്ഥിരം നമ്പരുകള്‍ എടുത്തിടുന്നത് നിര്‍ത്തിയിരുന്നെങ്കില്‍….
5. പറഞ്ഞു തോല്പിക്കാനുള്ള വ്യഗ്രതയില്‍ എനിക്ക് ഇതുപോലൊരു നോവല്‍ എഴുതാന്‍ പറ്റില്ലെന്നും കാമം തീര്‍ക്കാനുള്ള മാര്‍ഗങ്ങളെ വിശദമാക്കിയും എന്റെയും മലയാളികളുടെ മുഴുവനും പ്രിയ എഴുത്തുകാരനായ അങ്ങ് ചെറുതാകേണ്ടിയിരുന്നില്ല. അങ്ങയെ പൊതുസമക്ഷത്തില്‍ ഇങ്ങനെ അപഹാസ്യനാക്കിയതില്‍ എനിക്കും പങ്കുണ്ടായല്ലോയെന്നതില്‍ അതിയായ ദുഖഃമുണ്ട്… സോറി ബന്യാമിന്‍… സത്യമായും എനിക്കു നിങ്ങളെപ്പോലെ എഴുതാനും കഴിയില്ല ആകാനും കഴിയില്ല.
6. അവസാനമായി… അങ്ങ് പറഞ്ഞ വാക്കുകളേക്കാള്‍ ആശംസിച്ച ക്രിസ്മസിന്റെ നന്മകള്‍ 25 നോമ്പിലിയിരിക്കുന്ന എന്റെ പ്രാര്‍ഥനാ നിമിഷങ്ങളെ മുറിപ്പെടുത്തി. ഞാനറിഞ്ഞ സത്യങ്ങള്‍ പറയണമെന്നല്ലാതെ താങ്കളെ പറഞ്ഞു തോല്പിക്കണമെന്ന യാതൊരു ഉദ്ദേശ്യവുമെനിക്കില്ലായിരുന്നു. നമ്മളെ എതിര്‍ ചേരിയില്‍ നിര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തലവച്ചുകൊടുത്ത് നമ്മള്‍ മണ്ടന്‍മാരാകേണ്ടതില്ല എന്ന ചിന്തയുമെനിക്കുണ്ട്. കത്തനാര് തോറ്റു എന്ന് ആളുകള്‍ പറഞ്ഞാലും കുഴപ്പമില്ല ക്രിസ്മസ് പുലരട്ടെ. നമ്മുടെ ആശയങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്ഥമാകാം. എങ്കിലും വാശിയും വാദപ്രതിവാദങ്ങളും മറന്ന് എന്റെ പ്രിയ എഴുത്തുകാരന്റെയൊപ്പം മനസുകൊണ്ടെങ്കിലും ഈ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന പ്രതീക്ഷയോടെ…
ഫാ. ജോസഫ് ഇലഞ്ഞിമറ്റം