ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. തോമസ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്ന് സൂചന. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലം വേണമെന്നാണ് ആവശ്യം.
രണ്ടുപേരുള്ള വിഡിയോയില്‍ ഫാ.ടോമാണ് രക്ഷിക്കണമെന്ന അഭ്യര്‍ഥന നടത്തുന്നത്. എന്നാല്‍ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുകയാണ്.ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അബുദാബി രൂപതാ അധികൃതര്‍ അറിയിക്കുകയായിരുന്നു. വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് അറിയിച്ചിരുന്നു.
ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് അബുദാബിയിലെ സഭാനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും കുടുംബാംഗങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും കത്തോലിക്കാ സഭാനേതൃത്വവും ഐഎസുമായി ചര്‍ച്ച നടത്തി വരികയാണെന്നു സൂചനയുണ്ട്. ഫാ. ടോമിനെ മോചിപ്പിക്കുന്നതിന് ഐഎസ് വന്‍ തുക ആവശ്യപ്പെട്ടതായി നേരത്തെ സൂചനയുണ്ടായിരുന്നു.
സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിനെ ഈ മാസം നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വൃദ്ധസദനത്തില്‍നിന്നു തട്ടിക്കൊണ്ടുപോയത്.