ഫാ.ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ.മോചനത്തിനായി എല്ലാം ചെയ്യുന്നു

ന്യൂഡൽഹി : ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഫാദര്‍ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ . മോചനത്തിനായി എല്ലാം ചെയ്യുന്നുണ്ടെന്നും യെമൻ ഉപപ്രധാനമന്ത്രി . ഇന്ത്യാ സന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെയാണ് യെമൻ ഉപപ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത് .2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. യെമൻ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു ഭവനിലാണ് ഇരുമന്ത്രിമാരും ഉഭയകക്ഷി ചർച്ച നടത്തിയത്. വിവിധ വിഷയങ്ങളും സഹകരണവും ഇരുമന്ത്രിമാരും ചർച്ചയായി.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാലു കന്യാസ്ത്രീകൾ, ആറ് ഇത്യോപ്യക്കാർ, ആറ് യെമൻകാർ എന്നിവരെ വധിച്ച ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top