ദമാസ്‌കസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഭീകരാക്രമണം നടത്തിയതിന് പിന്നാലെ ഐ.എസിന്റെ ശക്തികേന്ദ്രങ്ങളില്‍ ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. ഐ.എസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ റഖയിലാണ് വ്യോമാക്രമണം നടത്തിയത്. ഫ്രാന്‍സിന്റെ ശക്തമായ ആക്രമണങ്ങളിലൊന്നാണ് ഇന്നലെ രാത്രി നടന്നത്. അമേരിക്കന്‍ സേനയുമായി ചേര്‍ന്നാണ് ഫ്രാന്‍സ് വ്യോമാക്രമണം നടത്തിയത്. 12 എയര്‍ക്രാഫ്റ്റ്, 10 ഫൈറ്റര്‍ ജെറ്റ് എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രി പറഞ്ഞു. റഖയിലെ ഐ.എസിന്റെ ജിഹാദി റിക്രൂട്ട്‌മെന്റ് ആസ്ഥാനത്തിന് നേരെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരിക്കാമെന്നാണ് സഖ്യത്തിന്റെ കണക്കുകൂട്ടല്‍. ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് അമേരിക്കയും വ്യക്തമാക്കുന്നത്. ഭീകരാക്രമണം തങ്ങളെ പിന്നോട്ടടിപ്പിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്‍ദോ വ്യക്തമാക്കിയിരുന്നു. 129 പോരാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്. ഐ.എസ് അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.