തിരുവനന്തപുരം : ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫ് സഖ്യം ഉപേക്ഷിക്കുന്നു.കെ.എം. മാണി യുഡിഎഫ് വിട്ടതോടെ യുഡിഎഫ്-ല്‍ സഖ്യകക്ഷിയാകുവാനുള്ള രഹസ്യ ചര്‍ച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ആരംഭിച്ചു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ കാലത്താണ് മാണി ഗ്രൂപ്പിലുണ്ടായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ്, ആന്റോ ആന്റണി, കെ. സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ജനാധിപത്യകേരള കോണ്‍ഗ്രസ്സിന് രൂപം നല്‍കിയത്. പുതിയതായി രൂപംകൊണ്ട ഈ പാര്‍ട്ടിക്ക് എല്‍.ഡി.എഫ് നാല് സീറ്റ് നല്‍കിയെങ്കിലും ഒരു സീറ്റില്‍പോലും വിജയിച്ച് കയറുവാന്‍ ജനാധിപത്യകേരള കോണ്‍ഗ്രസ്സിന് കഴിയാതിരുന്നത് ആ പാര്‍ട്ടിയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് വിഘാതമായി മാറി. മികച്ച വിജയം നേടാന്‍ കഴിയാത്തത് മുന്നണി പ്രവേശനവും അനിശ്ചിതത്വത്തിലാക്കി. പല ചെറുകക്ഷികളെ പോലെ മുന്നണിക്ക് വെളിയില്‍ നില്‍ക്കുന്ന കക്ഷികളില്‍ ഒന്നായി ജനാധിപത്യ കേരള കോണ്‍ഗ്രസ്സും മാറി.
തങ്ങള്‍ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും കാര്യമായ രാഷ്ട്രീയ പരിഗണന ലഭിക്കാത്തതാണ് മുന്നണി വിട്ടുപോകുവാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും കൂട്ടരെയും പ്രേരിപ്പിക്കുന്നത്. ഇടുക്കി പാര്‍ലമെന്റ് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഇത്ര കാലവും ജനാധിപത്യകേരള കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. എന്നാല്‍ മുന്നണിക്ക് വെളിയില്‍ നില്‍ക്കുന്ന കക്ഷികള്‍ക്ക് പാര്‍ലമെന്റ് സീറ്റ് നല്‍കേണ്ടെന്നാണ് എല്‍.ഡി.എഫ് ന്റെ ഇപ്പോഴത്തെ തീരുമാനം. എല്‍ഡിഎഫ് ല്‍ നില്‍ക്കുന്നതുകൊണ്ട് പ്രയോജനം ഇല്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് പ്രവേശനത്തിന് ജനാധിപത്യ കേരള-കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നത്. യുഡിഎഫ്‌ലെ ഒരു ഘടകകക്ഷി നേതാവാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫോര്‍വേഡ് ബ്ലോക്കിനുവരെ പ്രവേശനം കിട്ടിയ യുഡിഎഫ് മുന്നണിയില്‍ തങ്ങള്‍ക്ക് മാന്യമായ പരിഗണന കിട്ടുമെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് ല്‍ നിന്ന് ചില ഘടകകക്ഷികള്‍ യുഡിഎഫ് ലേക്ക് വരുമെന്ന് ഒരു യുഡിഎഫ് നേതാവ് പ്രസ്താവന നടത്തിയത് ഈ നീക്കം മനസ്സിലാക്കിയാണ്. വലിയ അടിത്തറ ഇല്ലാത്ത ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനെ പിടിച്ച് നിര്‍ത്തുവാന്‍ സിപിഐ(എം) നും വലിയ താല്പര്യമില്ല. എന്നാല്‍ മുന്നണി വിടുന്ന വിഷയത്തില്‍ ജനാധിപത്യകേരള കോണ്‍ഗ്രസ്സിനുള്ളില്‍ ചില എതിര്‍പ്പുകളുള്ളതായും സൂചനയുണ്ട്.