ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പുതിയ പ്രഖ്യാപനം ഏറെ ആവേശത്തോടെയാണ് ലോകം കേട്ടത്. അത് വൈദീകരുടെ ലൈംഗിക പീഡന വാര്‍ത്തകളെ സംബന്ധിച്ചുള്ള പുതിയ പ്രഖ്യാപനമാണ്. വൈദികര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നാല്‍ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കണം എന്നാണ് പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കുന്നത്. വൈദീകരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മെത്രാന്മാരെയും പോപ്പ് വെറുതെ വിടുന്നില്ല.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കന്‍ സഭയുടെ ലൈംഗിക പീഡനങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനയിലും ഇക്കാര്യം പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സഭയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള ബാല ലൈംഗിക പീഡനങ്ങള്‍ നടക്കുന്നതിനെതിരെയാണ് അന്ന് പോപ്പ് പ്രതികരിച്ചത്. ആരുടെ ഭാഗത്ത് നിന്നായാലും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ അത് പുറത്തുകൊണ്ടുവരാന്‍ സഭയ്ക്ക് ബാധ്യത ഉണ്ടെന്നും പോപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ പ്രസ്താവന വരുന്നത്.
വൈദീകര്‍ക്കെതിരെ ലൈംഗിക പീഡന വാര്‍ത്തകള്‍ പുറത്തുവരുന്നത് പതിവാകുകയും സംഭവത്തില്‍ പ്രതികളായ അച്ചന്മാരെ സംരക്ഷിക്കാന്‍ സഭാനേതൃത്വം തന്നെ മുന്നിട്ടറങ്ങുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് മാര്‍്പ്പാപ്പ ആഹ്വാനം ചെയ്യുന്നത്.
പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ രണ്ടാമന്‍ എന്നീ മാര്‍പ്പാപ്പമാരുടെ സെക്രട്ടറിയായ പ്രവര്‍ത്തിച്ച ബിഷപ്പ് ജോണ്‍ മാഗി രാജിവച്ചത് സഭയില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഇത്ര വലിയ സ്ഥാനത്തിരുന്ന ബിഷപ്പ് രാജിവെയ്‌ക്കേണ്ടിവന്ന സാഹചര്യം സഭയ്ക്കകത്തും പുറത്തും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ലൈംഗിക പീഡന വാര്‍ത്തകള്‍ പുതിയ മാനം വരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ സഭ പ്രത്യേക നിലപാട് എടുക്കുകയും പീഡന വാര്‍ത്തകള്‍ സഭയ്ക്കകത്ത് ചര്‍ച്ച ചെയ്യണമെന്ന വ്യക്തമാക്കുകയും ചെയ്തത്.
എന്നാല്‍ കേവലം സഭയ്ക്കകത്ത് ചര്‍ച്ച ചെയ്താല്‍ മാത്രം പോരെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കുന്നത്. കൃത്യമായി പൊലീസില്‍ അറിയിക്കുകയും നടപടി എടുക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നുമാണ് മാര്‍പ്പാപ്പയുടെ നിലപാട്.
എല്ലാ ആരോപണം കൃത്യമായി പൊലീസില്‍ അറിയിക്കണമെന്നും അതിനായി പ്രത്യേകം സംവിധാനം സഭയില്‍ ഉണ്ടാകണമെന്നുമാണ് മാര്‍പ്പാപ്പയുടെ ആവശ്യം. കര്‍ദിനാള്‍ സീന്‍ ഒമല്ലേയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തെ നിയമം അനുശാസിക്കുന്നുണ്ടെങ്കില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നായിരുന്നു കത്തോലിക്ക നിയമം. എന്നാല്‍ അത് പോരെന്നാണ് മാര്‍പ്പാപ്പയുടെ പുതിയ നിലപാട്.
വൈദീകരുടെ ലൈംഗിക പീഡനത്തിലെ ഇരകളോ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ആണ് പലപ്പോഴും കേസ് കൊടുത്തിരുന്നത്. അതിനെ പ്രതിരോധിക്കുകയാണ് സഭ ഇത്രയും കാലം ചെയ്തിരുന്നത്. എന്നാല്‍ ഇനി അത് പോരെന്നും സഭ നേരിട്ട് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടത്. സഭയിലെ ലൈംഗിക പീഡനം വലിയ ചര്‍ച്ചയാകുകയും പൊതുജനമധ്യത്തിലും സഭയ്ക്ക് അകത്തും വലിയ കോലാഹലം സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിലപാട് ഉണ്ടായിരിക്കുന്നത്.