പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസിന് പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. മിഷനറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമല നേരിട്ട് ഹാജരാകാൻ ആകും നിർദ്ദേശം. ജാമ്യത്തിനായി ബിഷപ്പ് ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ നീക്കം പ്രോസിക്യൂഷന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പതിച്ച പേജിൽ തന്നെ സിസ്റ്റർ അമലയുടെ കയ്യൊപ്പുള്ളത് പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. മിഷനറീസ് ഓഫ് ജീസസിനെതിരെ എന്നതിനപ്പുറം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗ കേസിനെ ശക്തിപ്പെടുത്താനാണ് പൊലീസ് ഈ കേസിനെ ഉപയോഗിക്കുന്നത്. കേസ് ഊർജ്ജിതപ്പെടുത്തുന്നതോടെ സിസ്റ്റർ അമല മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചേക്കും.
Tags: bishop case