കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി; ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്നും നീക്കി !!ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പ് പറ്റിയിറങ്ങി !..അച്ചടക്ക നടപടിയല്ലെന്നും രാജിയെന്നും വത്തിക്കാന്‍

ന്യൂഡൽഹി :ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. ആദ്യമൊക്കെ ബലാത്സംഗത്തെ എതിർത്ത ബിഷപ് ഫ്രാങ്കോ കന്യാസ്ത്രീയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പിന്നീട് ഉന്നയിച്ചത്. എന്നാൽ കന്യാസ്ത്രീ മഠത്തിലെ ബിഷപ്പിന്‍റെ സന്ദർശനങ്ങളും മൊബൈൽ സന്ദേശങ്ങളുമടക്കം അന്വേഷണ ഉദ്യോഗസ്ഥർ നിരത്തിയതോടെ ബിഷപ്പിന് ഉത്തരം മുട്ടി.

ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജലന്ധ‍ര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ഫ്രാങ്കോ മുളയ്ക്കലും പറയുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി ഹൈക്കോടതിയുടെ പരിഗണനയിരിക്കെയാണ് ബിഷപ്പിന്റെ രാജി.

ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. ഞാനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’– അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഡൽഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ 2013ലാണ് ജലന്തർ രൂപതയുടെ ബിഷപ്പായി മാർപാപ്പ നിയമിച്ചത്. ജലന്തറിൽ വൈദികനായിരുന്ന ബിഷപ് ഫ്രാങ്കോ 2009ൽ ആണു ഡൽഹിയിൽ സഹായ മെത്രാനായി നിയമിതനായത്.

തൃശൂർ മുളയ്‌ക്കൽ ഐപ്പുണ്ണി – മേരി ദമ്പതികളുടെ മൂത്തമകനായ ഫ്രാങ്കോ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ തോപ്പ് സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. നാഗ്‌പുർ സെമിനാരിയിൽ ദൈവശാസ്‌ത്രപഠനത്തിനു ശേഷം ജലന്ധർ രൂപതയിൽ നിന്നു 1990ൽ വൈദികപട്ടം സ്വീകരിച്ചു.

പഞ്ചാബ് ഗുരു നാനക് ദേവ് സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും റോമിൽ നിന്നു മോറൽ തിയോളജിയിൽ ഡോക്‌ടറേറ്റും നേടി. റോമിൽ അപ്പോസ്‌തലിക് യൂണിയൻ ഓഫ് ക്ലർജിയിൽ കോഓർഡിനേറ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നു. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്നതായിരുന്നു ആവശ്യം. ഒടുവിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.

2019 ഏപ്രിൽ 9-ന് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. അതിനുശേഷവും വിചാരണ വൈകിക്കാൻ നിരവധി ശ്രമങ്ങളുണ്ടായി. ഒന്നിനു പുറകേ ഒന്നായി ലഭിച്ച പകർപ്പുകൾ തെളിഞ്ഞില്ലെന്ന് പറഞ്ഞ് ബിഷപ്പിന്‍റെ അപക്ഷകൾ കോടതിയിലെത്തി. ഒന്നിനുപുറകേ ഒന്നായി പുതിയ പുതിയ ഹർജികൾ. ഇതിനിടെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് നൽകിയ ഹർജികൾ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തളളി.

എന്നാൽ ഒടുവിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാര്‍, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിലുണ്ടായിരുന്നത്. ഈ വിധിക്കെതിരെ സംസ്ഥാന സർക്കാരും കന്യാസ്ത്രീമാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലുകളിലെ ആവശ്യം. പ്രോസിക്യൂഷൻ തെളിവുകൾ വിചാരണക്കോടതി വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും ഹ‍ര്‍ജിക്കാര്‍ കുറ്റപ്പെടുത്തുന്നു.

Top