ന്യൂഡല്‍ഹി: വിവാഹം കഴിച്ച് ലക്ഷങ്ങളുടെ മോഷണം നടത്തി മുങ്ങുന്ന ഡല്‍ഹി സ്വദേശിനിയെ പോലീസ് പൊക്കി. പത്രങ്ങളില്‍ കല്ല്യാണ പരസ്യം നല്‍കി ഇരകളെ വീഴുത്തുകയാണ് ഇവരുടെ പതിവ് ഇത്തരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് തട്ടിപ്പിനിരയായത്. ആദ്യരാത്രിയില്‍ ഭര്‍ത്താവിന് മയക്കുമരുന്ന് പാലില്‍ നല്‍കിയാണ് വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഇവര്‍ മോഷ്ടിക്കുന്നത്.
ഇന്‍ഡോറിലെ മേഘാ ഭാര്‍ഗവ് എന്ന 28 കാരിയാണ് പിടിയിലായത്. ഇവര്‍ക്ക് വേണ്ടി കേരളത്തിലെയും നോയ്ഡയിലെയും പോലീസുകാര്‍ സംയുക്ത തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വിവാഹം നടത്തിയ ശേഷം വരന്റെ വീട്ടില്‍ നിന്നും പണവും വിലപ്പെട്ട വസ്തുക്കളും കടത്തുകയായിരുന്നു.
നോയ്ഡയിലെയും കേരളത്തിലെയും പോലീസുകാര്‍ ഇന്‍ഡോറിലെ ഹൗസിംഗ് കോളനിയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ കുടുങ്ങിയത്. പതിനൊന്ന് പേരെയാണ് ഇവര്‍ ഇരകളാക്കിയത്. വിവാഹത്തിന് തൊട്ടുപിന്നാലെ തന്റെ 15 ലക്ഷം രൂപ വരുന്ന സാധനങ്ങള്‍ മോഷ്ടിച്ച് വധു കടന്നുകളഞ്ഞതായി കൊച്ചി സ്വദേശി ലോറന്‍ എന്നയാള്‍ ലോക്കല്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. ഇന്‍ഡോറിലെ സെക്ടര്‍ 120 അംരാപാലി സോഡിയാക് സ്വദേശിയായ മേഘയ്ക്ക് ഒപ്പം സഹോദരി പ്രാച്ചി ഭാര്‍ഗവ് (28), സഹോദരി ഭര്‍ത്താവ് ദേവേന്ദ്ര ശര്‍മ്മ (30) എന്നിവരും കുടുങ്ങി.
അന്വേഷണത്തിന് കേരളാപോലീസ് നോയ്ഡ പോലീസിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മേഘ 11 മലയാളികളെയാണ് കബളിപ്പിച്ചത്. വിവാഹത്തിന് പിന്നാലെ ആദ്യരാത്രിയില്‍ ഉള്‍പ്പെടെ പാലില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷമാണ് വിലപ്പെട്ട വസ്തുക്കള്‍ അടിച്ചുമാറ്റിയിരുന്നത്. രണ്ടോ മൂന്നോ ദിവസം വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ച് നല്ല കുട്ടിയെന്ന് വരുത്തി ഒടുവില്‍ മുങ്ങുകയാണ് രീതി. പീന്നട് ദിവസങ്ങള്‍ക്കകം മറ്റൊരു ഇടത്ത് അടുത്ത ഇരയെ തേടുകയും ചെയ്യുന്നതായിരുന്നു രീതി. കബളിപ്പിക്കലിന് ഇരയായിരുന്നവര്‍ നാണക്കേട് ഓര്‍ത്ത് മോഷണവിവരം പുറത്തു പറയാറില്ല എന്നത് മേഘയ്ക്കും തട്ടിപ്പു സംഘത്തിനും കൂടുതല്‍ സഹായകരമാകുകയും ചെയ്തിരുന്നു.
പണക്കാരായ വിവാഹമോചിതരും വിവാഹം കഴിക്കാത്തവരുമാണ് സംഘത്തിന്റെ ഇരകള്‍. അതേസമയം ലോറന് പിന്നാലെ സമാന ആരോപണവുമായി മറ്റ് മൂന്ന് പേര്‍ കൂടി വന്നതാണ് പോലീസ് പരാതിയെ അതീവ ഗൗരവത്തോടെ കാണാന്‍ കാരണമായത്. സംഭവത്തിന് പിന്നില്‍ നാലു പേരുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇനി പിടിയിലാകാന്‍ ഉള്ളത് മേഘയുടെ ഭര്‍ത്താവ് മഹേന്ദ്രനെയാണ്. മേഘയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ വിവാഹാലോചന നടത്തുന്ന ചുമതലയാണ് മഹേന്ദ്രന്. ഇപ്പോഴും മേഘയ്ക്കായി പുതിയ വരനെ കണ്ടെത്താനായി മുങ്ങിയിരിക്കുകയാണ് മഹേന്ദ്രന്‍. പെണ്ണുകാണലിനും വിവാഹകാര്യത്തിനും സഹായിക്കുന്ന ചുമതലയാണ് പ്രാച്ചിക്കും ഭര്‍ത്താവ് ദേവേന്ദ്രനും.
ഇന്‍ഡോറുകാരിയായ മേഘ നോയ്ഡയിലേക്ക് അടുത്തകാലത്താണ് സ്ഥലം മാറിയത്. ഇവരെ അടുത്ത കാലത്തായി കാര്യമായി പുറത്തു കാണാറില്ല എന്നായിരുന്നു സമീപവാസികള്‍ പറഞ്ഞത്. ചില സുരക്ഷാ ഉദ്യോഗസ്ഥര്‍, ശുചീകരണ, കേടുപാടു പരിഹരിക്കുന്ന ജോലിക്കാര്‍ എന്നിവര്‍ ഒഴികെ ആര്‍ക്കും ഇവരെ അറിയില്ലായിരുന്നെന്നാണ് അംരാപാലി സോഡിയാക്കുകാര്‍ പറഞ്ഞത്.