ബലിപെരുന്നാല്‍ അവധി ദിനങ്ങളില്‍ യു.എ.ഇയിലെമ്പാടും സൗജന്യ ഹൈസ്പീഡ് വൈഫൈ ഓഫറുമായി മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസാലാത്ത്. മാളുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, കഫെകള്‍ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം ആഗസ്ത് 30 മുതല്‍ സപ്തംബര്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഈ സേവനം ലഭിക്കും. യു.എ.ഇയിലെ മൊബൈല്‍ കണക്ഷനുള്ള ആര്‍ക്കും പബ്ലിക് വൈഫൈ സംവിധാനം ഉപയോഗിക്കാനാവും.
ബലിപെരുന്നാള്‍ ആഘോഷവേളയില്‍ ഉപഭോക്താക്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ ഓഫറെന്ന് ഇത്തിസാലാത്ത് ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ഖാലിദ് അല്‍ കൗലി പറഞ്ഞു. ആഘോഷ നാളുകളില്‍ കുടുംബക്കാരും സുഹൃത്തുകളുമായി നല്ല രീതിയില്‍ കണക്ട് ചെയ്യാന്‍ അവസരമൊരുക്കിയിരിക്കുകയാണ് കമ്പനി. പെരുന്നാള്‍ ആശംസകള്‍ കൈമാറാനും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കാനും ഓണ്‍ലൈനില്‍ സര്‍ഫ് ചെയ്യാനും ഈ അതിവേഗ വൈഫൈ നെറ്റ്‌വര്‍ക്കിലൂടെ സാധിക്കുമെന്നും യെന്നും അദ്ദേഹം പറഞ്ഞു.
വൈഫൈ ഓണാക്കിയ ശേഷം UAE WiFi by Etisalat സെലക്ട് ചെയ്ത് ഒരു തവണ രജിസ്റ്റര്‍ ചെയ്യണം. സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇത്തിസാലാത്ത് പിന്‍ നമ്പര്‍ എസ്.എം.എസ് ചെയ്യും. പിന്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ വൈഫൈ ലഭിച്ചുതുടങ്ങും. വൈഫൈ ലൊക്കേഷനുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ www.etisalat.ae/wifi ലും ഇത്തിസാലാത്ത് ആപ്പിലെ എറൗണ്ട് മി എന്ന ഇന്ററാക്ടീവ് മാപ്പിലും ലഭിക്കും.