ദുബായ്: അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി പ്രവാസികള്‍ കൈകോര്‍ക്കുന്നു. പുതിയ വഴികള്‍ തെളിയുന്നതായി റിപ്പോര്‍ട്ട്. മൂന്ന് കൊല്ലത്തേക്കാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചിരിക്കുന്നത്. മറ്റ് കേസുകള്‍ യുഎഇയിലെ കോടതിയുടെ പരിഗണനയിലും. ഈ കേസുകളെല്ലാം കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാനായാല്‍ തന്നെ മലയാളികള്‍ രാമചന്ദ്രേട്ടനെന്ന വിളിക്കുന്ന പ്രവാസി വ്യവസായിക്ക് ജയില്‍ മോചനം ഉറപ്പാകും. അതേ സമയം ഈ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ അറ്റ്ലസ് രാമചന്ദ്രന് ജയിലില്‍ കിടക്കേണ്ടി വരും. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള നീക്കങ്ങള്‍ മലയാളികള്‍ സജീവമാക്കുമ്പോള്‍ പ്രതീക്ഷയുടെ മറ്റൊരു സൂചന കൂടിയെത്തുന്നു. അറ്റ്ലസ് ഗ്രൂപ്പിന്റെ ഓമാനിലെ ആശുപത്രികള്‍ ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി ഏറ്റെടുക്കുമെന്ന വാര്‍ത്തയാണ് ഇത്. അങ്ങനെ വന്നാല്‍ യുഇഎയിലെ നിയമനടപടികള്‍ പോലും പണമടച്ച് ഒഴിവാക്കാന്‍ അറ്റ്ലസ് ഗ്രൂപ്പിനാകും.
സ്വര്‍ണ്ണക്കച്ചവടത്തിലും ആശുപത്രി വ്യവസായത്തിലും എല്ലാം മനുഷ്യത്വം നിറച്ചു. അറ്റ്ലസിന്റെ ആശുപത്രികള്‍ പ്രവാസികളുടെ ആശ്രയ കേന്ദ്രങ്ങളായി. ബില്ലടയ്ക്കാന്‍ പണമില്ലെങ്കിലും ഇവിടെ ഏവര്‍ക്കും രാമചന്ദ്രന്‍ ചികില്‍സ ഒരുക്കി. വൈശാലി പോലുള്ള വമ്പന്‍ സിനിമകള്‍ നിര്‍മ്മിച്ച രാമചന്ദ്രന്‍ അഭിനയ മോഹങ്ങളുമായി വെള്ളിത്തിരയിലും താരമായി. അങ്ങനെ എവിടെ രാമചന്ദ്രനെ കണ്ടാലും മലയാളി തിരിച്ചറിഞ്ഞു. അവരോടും സ്നേഹത്തോടെ ഇടപെടല്‍ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രന്‍ മാറി. ശ്രീനിവാസന്റെ അറബിക്കഥയില്‍ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയില്‍ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികള്‍ തന്നെ പാരയുമായി ഇറങ്ങിയപ്പോള്‍ ചെക്ക് കേസില്‍ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു. ഇരുവരും ഇപ്പോഴും അഴിക്കുള്ളില്‍ തന്നെ.
ഇതോടെ അറ്റ്ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ജയിലിലുള്ള രാമചന്ദ്രന്റെ മോചനത്തിന് മുന്‍കൈയെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥ. ജയിലില്‍ പുറത്തു നിന്ന് ഭക്ഷണം വാങ്ങി കഴിക്കാന്‍ അന്തേവാസികള്‍ക്ക് കഴിയും. ഇതിന് പോലും രാമചന്ദ്രന് കഴിയുന്നില്ല. കാശ് എത്തിച്ചു നല്‍കാന്‍ പോലും ആരും യുഎഇയില്‍ ഇല്ല. ഇതിനിടെയില്‍ 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന വാര്‍ത്തയുമെത്തി. ഇതോടെ രാമചന്ദ്രന്‍ തളര്‍ന്നു. ഒന്നരവര്‍ഷം മുമ്പ് ജയിലിലടയ്ക്കപ്പെട്ട രാമചന്ദ്രന്റെ സ്ഥിതി അത്ര പ്രശ്നത്തിലാണെന്ന് മലയാളികള്‍ പോലും ധരിച്ചിരുന്നില്ല. ഈ അവസ്ഥ പുറത്തുവന്നതോടെ രാമചന്ദ്രേട്ടനെ എങ്ങനേയും രക്ഷിക്കാന്‍ യുഎയിലെ ചില മലയാളി ബിസിനസ്സുകാര്‍ തന്നെ രംഗത്ത് വന്നു. കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു. പേരിനും പെരുമയ്ക്കും വേണ്ടിയല്ലെന്ന് പറയുന്ന ഈ സുമനസ്സുകള്‍ ലക്ഷ്യത്തിലെത്തുന്നതു വരെ തങ്ങളുടേ പേരു പോലും പുറത്തു വരരുതെന്ന് ആഗ്രഹിക്കുന്നു. ഇതിനിടെയാണ് അറ്റ്ലസ് ഗ്രൂപ്പിന്റെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം ബിആര്‍ ഷെട്ടിയുടെ ആശുപത്രി ഗ്രൂപ്പും കാട്ടുന്നത്.
ഗള്‍ഫിലെ പ്രധാനപ്പെട്ട ബിസിനസ്സ് ഗ്രൂപ്പാണ് ബി ആര്‍ ഷെട്ടിയുടേത്. യുഎഇ എക്സ്ഞ്ചേഞ്ച് ഉള്‍പ്പെടെ പലതും ഈ ഗ്രൂപ്പിന് കീഴിലുണ്ട്. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയടക്കമുള്ളവ സ്ഥന്തായുള്ള ഷെട്ടി ഗ്രൂപ്പിന് കേരളത്തിലും താല്‍പ്പര്യങ്ങള്‍ ഏറെയാണ്. യുഎഇ എക്സഞ്ചേഞ്ചിലെ ഇടപാടുകാരില്‍ ബഹു ഭൂരിഭാഗവും മലയാളികള്‍. ഈ സാഹചര്യത്തില്‍ അറ്റല്സ് രാമചന്ദ്രനെ പോലുള്ള മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിത്വത്തെ സഹായിക്കുന്നത് ഷെട്ടി ഗ്രൂപ്പിന്റെ സല്‍പ്പേരും ഉയര്‍ത്തും. അതുകൊണ്ട് കൂടിയാണ് കടക്കെണിയില്‍ നിന്ന് രാമചന്ദ്രനെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒമാനിലെ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ ബിആര്‍ ഷെട്ടിയുടെ ഗ്രൂപ്പ് തയ്യാറാകുന്നതെന്നാണ് സൂചന. അബുദാബി കേന്ദ്രീകരിച്ചാണ് ഷെട്ടിയുടെ എന്‍ എം സി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം. അറ്റ്ലസ് ഗ്രൂപ്പിന് യു.എ.ഇ.യില്‍ ഇരുപതോളം ജൂവലറി ഔട്‌ലെറ്റുകളും ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ 18 ഔട്‌ലെറ്റുകളുമാണ് ഉണ്ടായത്. ഇതെല്ലാം പൂട്ടിപ്പോയി. ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നത് ഒമാനിലെ അറ്റ്ലസ് ആശുപത്രികളാണ്.
ഈ ആശുപത്രികള്‍ ഷെട്ടി വിലയ്ക്ക് വാങ്ങിയാല്‍ വണ്ടി ചെക്ക് കേസെല്ലാം ഒത്തുതീര്‍പ്പാകും. ബാക്കി കടമെല്ലാം പുറത്തിറങ്ങിയാല്‍ വീട്ടാനാകുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. ഇതിനുള്ള അത്ര ആസ്തി രാമചന്ദ്രനുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഇതെല്ലാം കൃത്യമായി അറിയാവുന്ന ആരും പുറത്തില്ല. രാമചന്ദ്രന്‍ അഴിക്കുള്ളിലായതുകൊണ്ട് ചുളുവിലയ്ക്ക് ഇത് തട്ടിയെടുക്കാനാണ് പലരുടേയും ശ്രമം. അതുകൊണ്ട് കൂടിയാണ് വില്‍പ്പന നടക്കാതെ പോകുന്നതും. യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകള്‍ നല്‍കിയ കേസുകളില്‍ ദുബായ് മിസ്‌ഡെമണയര്‍ കോടതിയാണ് അറ്റ്ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകള്‍ നല്‍കിയ 15 കേസുകള്‍ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു