ഇക്കുറി ‘ഓണമുണ്ണാന്‍’ മുഖ്യമന്ത്രിയുടെ നാട്ടില്‍നിന്ന് ‘വിഷരഹിതപച്ചക്കറി’

കോട്ടയം: ഇക്കുറി ഓണമുണ്ണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാട്ടില്‍നിന്ന് വിഷരഹിതപച്ചക്കറി. തലമുറകളായി കൃഷിയിറക്കുന്ന പുതുപ്പള്ളി പഞ്ചായത്ത് 14ാം വാര്‍ഡ് അംഗം ചീരംകുളം എബ്രഹാം ചാക്കോയുടെ (ജോയി-50) സ്വന്തം സ്ഥലത്തിന് പുറമേ പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകളില്‍പെട്ട 10 ഏക്കര്‍ഭൂമി പാട്ടത്തിനെടുത്തതാണ് വിഷരഹിതപച്ചക്കറികൃഷിയിറക്കുന്നത്. പുതുപ്പള്ളി കൊടൂരാറിനുസമീപം കൊട്ടാരത്തില്‍ക്കടവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ  ഒരേക്കര്‍ പുരയിടത്തില്‍നിന്ന് പയര്‍, വെള്ളരി, പടവലം കൃഷിയിറക്കി നൂറുമേനിയും കൊയ്തിട്ടുണ്ട്. വിളവെടുത്ത വെള്ളരി, പടവലം, കോവയ്ക്ക, ഏത്തക്ക, മത്തങ്ങ, വഴിതന,പയര്‍ ഉള്‍പ്പെടെയുള്ള നാടന്‍പച്ചക്കറികള്‍ ഇടനിലക്കാരില്ലാതെ ‘ഹോര്‍ട്ടികോര്‍പ്’ വഴി നേരിട്ടത്തെിച്ചാണ് വിറ്റഴിക്കുന്നത്. കൃഷിഭൂമിയില്‍ നേരിട്ടത്തെി ഹോര്‍ട്ടി കോര്‍പ് പച്ചക്കറി ശേഖരിക്കുകയാണ് പതിവ്. ഇതിനാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നതിനൊപ്പം വാഹനചെലവ് ലാഭിക്കാനും കഴിയും. ഓണനാളുകളില്‍ 1000 മുതല്‍ 1500 കിലോവരെ പച്ചക്കറികള്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്ന് മാത്രം ജില്ലയിലെ വിപണിയിലത്തെുന്നുണ്ട്.
 ഓണത്തോടനുബന്ധിച്ച് പച്ചക്കറിയുടെ സംഭരണവും വില്‍പനയും പത്തിരട്ടി വര്‍ധിപ്പിച്ച് ഇടപെടല്‍ നടത്താനും ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് പ്രതിദിനം 80 ടണ്‍വരെ പച്ചക്കറികളാണ് സംഭരിക്കുന്നത്. വിപണിയേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ ലാഭത്തില്‍ നാടന്‍പച്ചക്കറികള്‍ എത്തിക്കുന്നതിന്വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഹോര്‍ട്ടി കോര്‍പിന്‍െറ നേതൃത്വത്തില്‍ കോട്ടയം, മണര്‍കാട്, പുതുപ്പള്ളി, കറുകച്ചാല്‍, പുളിക്കല്‍കവല, ഫാത്തിമാപുരം, നെടുങ്കുന്നം, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളില്‍ മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളും  ഏറ്റുമാനൂര്‍, പൊന്‍കുന്നം, പാമ്പാടി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ഓണത്തിനായി പ്രത്യേകസ്റ്റാളുകളും തുറന്നിട്ടുണ്ട്. കൂടാതെ 48 ഫ്രാഞ്ചെസികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജില്ലയില്‍തന്നെ ഉല്‍പാദിപ്പിച്ച് ജില്ലയില്‍ തന്നെ വിറ്റഴിക്കുന്നരീതിയാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് ഹോര്‍ട്ടികോര്‍പ് റീജനല്‍ മാനേജര്‍ ബാബുരാജ്  പറഞ്ഞു. കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങുന്ന വിഷരഹിതപച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. പുതുപ്പള്ളിയില്‍നിന്ന് വെള്ളരി, പടവലങ്ങ, കോവയ്ക്ക, ഏത്തയ്ക്ക, മത്തങ്ങ, വഴിതന, പയര്‍ എന്നിവയും ചങ്ങനാശേരി തൃക്കൊടിത്താനത്തുനിന്നും പടവലങ്ങയും കോവക്കയും ആലപ്പുഴ രാമങ്കരിയില്‍നിന്ന് വെള്ളരിയും പയറും യഥേഷ്ടം ലഭിക്കുന്നുണ്ട്. വട്ടവട, കാന്തല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവ എത്തിക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ മാര്‍ക്കറ്റ് വില ഒരുപരിധിവരെ പിടിച്ചുനിര്‍ത്താനും സഹായകരമായിട്ടുണ്ട്. വിപണിയില്‍  60 രൂപയുടെ നാടന്‍പയറിന് 40രൂപയും 38രൂപയുടെ പടവലത്തിന് 25രൂപയും 45രൂപയുടെ പാവയ്ക്കക്ക് 38രൂപയും 25രൂപയുടെ വെള്ളരിക്ക് 15രൂപയും 30രൂപയുടെ കിഴങ്ങിന് 20രൂപയുമാണ് ഹോര്‍ട്ടി കോര്‍പ് സ്റ്റാളുകളില്‍ ഈടാക്കുന്നത്. പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പിന് നല്‍കാന്‍ വിളിക്കുക. ഫോണ്‍: 0481-2425584
Top