കോട്ടയംഃ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്ന അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണവും കുടിശിക ഡിഎ പൂര്‍ണമായും അനുവദിച്ച സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് സ്കൂള്‍ ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടന്നത്.
കോവിഡ്കാല സാമ്പത്തിക പ്രതിസന്ധി യിലും, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിപോരാളികളായ ജീവനക്കാരെയും അദ്ധ്യാപകരെയും ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്.
കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി വി കെ ഉദയനും ആര്‍പ്പൂക്കര-ഏറ്റുമാനൂരില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കെ ആര്‍ ജീമോനും കാഞ്ഞിരപ്പള്ളിയില്‍ യൂണിയന്‍ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാറും പാലായില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ അശോക് കുമാറും വൈക്കത്ത് യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി കെ വിപിനനും പാമ്പാടിയില്‍ യൂണിയന്‍ സംസ്ഥാന കൗണ്‍സിലംഗം ബിനു വര്‍ഗീസും സംസാരിച്ചു.