ഇന്ധന വില വരും ദിവസങ്ങളില്‍ രാജ്യത്ത് വര്‍ദ്ധിക്കും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധന വില വര്‍ദ്ധനവിന് ആക്കം കൂട്ടും.
ആഗോള വിപണിയില്‍ എണ്ണ വില വലിയ തോതിലാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. 26 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് അസംസ്കൃത എണ്ണയുടെ വില. 59.49 ഡോളറാണ് ഇപ്പോഴത്തെ വില. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും എണ്ണവില ബാരലിന് 60 ഡോളറിലേക്കെത്തിക്കാനായിരുന്നു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ ലക്ഷ്യം. ക്രൂഡ് ഓയില്‍ വില കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. 2015 ജൂലൈ മാസത്തിനു ശേഷമുള്ള ഉയര്‍ന്ന വിലയിലാണ് ക്രൂഡ് ഓയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. ഇതിനിടെയാണ് രൂപയുടെ മൂല്യവും ഇടിയുന്നത്. അഞ്ച് ദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതും പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധിക്കാന്‍ ഇടയാക്കും. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഇനിയും കൂടും. എണ്ണവില ഉയരാതെ നിന്നാല്‍പോലും ഇറക്കുമതിക്ക് കൂടുതല്‍ തുക ചെലവിടേണ്ടിവരുന്ന സ്ഥിതിയാണ്. ഇതിനൊപ്പം എണ്ണവില ഉയരുകകൂടി ചെയ്തതോടെ ചെലവില്‍ വന്‍ കുതിപ്പുണ്ടാകും.
ഇന്ധന വില ഇനിയും കൂടും
Tags: fuel price hike