
ബംഗളുരു: കർണാടകയിൽ കോണ്‍ഗ്രസിന്‍റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കൊപ്പം പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോണ്‍ഗ്രസ്-ജെ.ഡി.എസ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 34 അംഗ മന്ത്രിസഭ രൂപീകരിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രി പരമേശ്വരയും മാത്രമേ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യൂ. മറ്റ് മന്ത്രിമാര്‍ 29ന് ശേഷം സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാര്‍ ആരൊക്കെയാണെന്ന് നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തീരുമാനിക്കും. 34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് 12 മന്ത്രിസ്ഥാനവും നല്‍കി. കോണ്‍ഗ്രസിന്റെ കെ.ആര്‍ രമേഷ് കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ്.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നിരയുടെ കൂട്ടായ്മയുടെ വേദിയായി മാറും കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി.എസ്.പി നേതാവ് മായാവയതി, എസ്.പി നേതാവ് അഖിലേഷ് യാദവ്. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗ്, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും പങ്കെടുക്കും. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ മഹാസഖ്യം രൂപീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ കൂട്ടായ്മ. അതേസമയം ബി.ജെ.പി നാളെ പ്രതിഷേധ ദിനമായി ആചരിക്കും.